ഓട്ടവ: ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ കാനഡയിലെ അഞ്ച് പ്രവിശ്യകളിൽ മിനിമം വേതനം വർധിപ്പിച്ചു. ഒന്റാരിയോ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, നോവസ്കോഷ, മാനിറ്റോബ, സസ്കാച്വാൻ എന്നീ പ്രവിശ്യകളിലാണ് മണിക്കൂർ വേതനത്തിൽ 25 മുതൽ 40 സെന്റ് വരെ വർധന വരുത്തിയത്.
പുതിയ നിരക്ക് പ്രകാരം ഒന്റാരിയോയിൽ മിനിമം വേതനം മണിക്കൂറിന് 17.95 കനേഡിയൻ ഡോളറായി ഉയർന്നു. പ്രിൻസ് എഡ്വേഡ് ഐലൻഡിൽ 17.30 ഡോളറും നോവസ്കോഷയിൽ 17 ഡോളറുമാണ് പുതിയ നിരക്ക്.
മാനിറ്റോബയിൽ മിനിമം വേതനം മണിക്കൂറിന് 16.40 ഡോളറായും സസ്കാച്വാനിൽ 15.70 ഡോളറായും ഉയർത്തി. ജീവിതച്ചെലവിലുണ്ടായ വർധന കണക്കിലെടുത്താണ് വേതന പരിഷ്കരണമെന്ന് ഒന്റാരിയോ സർക്കാർ വ്യക്തമാക്കി.

പുതിയ വർധനയോടെ, 2019ന് ശേഷം മിനിമം വേതനം വർധിപ്പിക്കാത്ത ആൽബർട്ട ഒഴികെയുള്ള കാനഡയിലെ എല്ലാ പ്രവിശ്യകളും പ്രദേശങ്ങളും ഈ വർഷം വേതന നിരക്ക് ഉയർത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നിലവിൽ കാനഡയിൽ ഏറ്റവും കുറഞ്ഞ പ്രവിശ്യാതല മിനിമം വേതനം ആൽബർട്ടയിലാണ്. മണിക്കൂറിന് 15 ഡോളറാണ് ഇവിടെ നിലവിലുള്ള നിരക്ക്. അതേസമയം, സെപ്റ്റംബർ ഒന്നിന് മിനിമം വേതനം വർധിപ്പിച്ച നൂനവൂട്ടിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഇവിടെ മണിക്കൂറിന് 20 ഡോളറിലധികമാണ് മിനിമം വേതനം.
