ബ്രിട്ടിഷ് കൊളംബിയ: കിറ്റിമാറ്റില്‍ നടപ്പിലാക്കുന്ന എല്‍എന്‍ജി കാനഡ രണ്ടാം ഘട്ട വിപുലീകരണ പദ്ധതിക്കായി ചൈനീസ് സ്റ്റീല്‍ ഉപയോഗിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് കമ്പനി. ആഭ്യന്തര നിര്‍മ്മാണ ശേഷിയുടെ കുറവ് മൂലമാണ് ഇത്തരമൊരു തിരുമാനം കൈക്കൊള്ളേണ്ടി വന്നതെന്നും, ഇതൊരു മുന്‍ഗണനയല്ല മറിച്ച് അനിവാര്യതയാണെന്നും കമ്പനി.
ഈ വലുപ്പത്തിലും സങ്കീര്‍ണ്ണതയിലുമുള്ള വലിയ മൊഡ്യൂളുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ തക്കശേഷിയുള്ള നിര്‍മ്മാണ കേന്ദ്രങ്ങള്‍ കാനഡയില്‍ ലഭ്യമല്ലെന്ന് കമ്പനി ചൂണ്ടിക്കാട്ടി. കൂടാതെ കടല്‍ മാര്‍ഗ്ഗമുള്ള ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനാണ് വിദേശത്ത് നിന്നുള്ള സ്റ്റീലിനെ ആശ്രയിക്കുന്നതെന്നും, റോഡ് മാര്‍ഗ്ഗം ഇത് എത്തിക്കുക അസാധ്യമാണെന്നും കമ്പനി വ്യക്തമാക്കി. എങ്കിലും പദ്ധതിയുടെ പൈപ്പ്ലൈന്‍ കംപ്രസ്സറിനാവശ്യമായ സ്റ്റീലിന്റെ 70 ശതമാനത്തോളം (ഏകദേശം 15,000 ടണ്‍) കനേഡിയന്‍ കമ്പനികളില്‍ നിന്നായിരിക്കും ലഭ്യമാക്കുക.

30 ബില്യണ്‍ ഡോളറിലധികം ചെലവ് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ട വിപുലീകരണത്തോടെ കിറ്റിമാറ്റ് പ്ലാന്റിന്റെ ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 1.4 കോടി ടണ്ണില്‍ നിന്ന് 2.8 കോടി ടണ്ണായി ഇരട്ടിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ എല്‍എന്‍ജി കേന്ദ്രമായി ഇത് മാറുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രത്യാശ പ്രകടിപ്പിച്ചു. ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനോടൊപ്പം കനേഡിയന്‍ ഊര്‍ജ്ജ മേഖലയ്ക്ക് ആഗോളതലത്തില്‍ വലിയ വിപണി കണ്ടെത്താനും ഇതിലൂടെ സാധിക്കും.
അതേസമയം, പദ്ധതിയില്‍ ചൈനീസ് സ്റ്റീല്‍ ഉപയോഗിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. തദ്ദേശീയ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന (‘Buy Canadian’) പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിന് വിരുദ്ധമാണ് ഈ നടപടിയെന്ന് ഹാമില്‍ട്ടണ്‍ ഈസ്റ്റ്-സ്റ്റോണി ക്രീക്കില്‍ നിന്നുള്ള എംപി നെഡ് കുറുക് ആരോപിച്ചു. രാജ്യത്തെ സ്റ്റീല്‍ തൊഴിലാളികള്‍ തൊഴില്‍ പ്രതിസന്ധി നേരിടുമ്പോള്‍ പദ്ധതിയില്‍ ചൈനീസ് സ്റ്റീല്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷെല്‍, പെട്രോ ചൈന, മലേഷ്യന്‍ കമ്പനിയായ പെട്രോനാസ്, ജപ്പാനിലെ മിറ്റ്‌സുബിഷി, ദക്ഷിണ കൊറിയന്‍ കമ്പനിയായ കെഒജിഎഎസ് (KOGAS) എന്നിവയുടെ സംയുക്ത സംരംഭമാണ് എല്‍എന്‍ജി കാനഡ.
