കെബെക്ക്: കെബെക് പ്രവിശ്യയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാന്‍ 519 നൈപുണ്യമുള്ള തൊഴിലാളികള്‍ക്ക് ക്ഷണം. ‘പ്രോഗ്രാം ഡി സെലക്ഷന്‍ ഡെസ് ട്രാവയേഴ്‌സ് ക്വാളിഫൈസ്’ (PSTQ) അഥവാ സ്‌കില്‍ഡ് വര്‍ക്കര്‍ സെലക്ഷന്‍ പ്രോഗ്രാം വഴിയാണ് കെബെക് ഇമിഗ്രേഷന്‍ മന്ത്രാലയം (MIFI) പുതിയ ഇന്‍വിറ്റേഷന്‍ റൗണ്ട് പൂര്‍ത്തിയാക്കിയത്. അരീമ (Arrima) പോര്‍ട്ടല്‍ വഴി തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് സ്ഥിരതാമസത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്.
നാല് പ്രധാന സ്ട്രീമുകളിലായാണ് ഇത്തവണ ക്ഷണക്കത്തുകള്‍ അയച്ചിരിക്കുന്നത്:
സ്ട്രീം 1 (ഹൈലി ക്വാളിഫൈഡ് & സ്‌പെഷ്യലൈസ്ഡ് സ്‌കില്‍സ്): ഉന്നത വിദ്യാഭ്യാസവും പ്രത്യേക നൈപുണ്യവുമുള്ള 86 പേര്‍ക്ക്. ഹെല്‍ത്ത് കെയര്‍, ഐടി, എഞ്ചിനീയറിംഗ്, ഫുഡ് സര്‍വീസ് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയ മേഖലകളിലുള്ളവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
സ്ട്രീം 2 (ഇന്റര്‍മീഡിയറ്റ് & മാനുവല്‍ സ്‌കില്‍സ്): ഏറ്റവും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചത് ഈ വിഭാഗത്തിലാണ് – 316 പേര്‍. മെഡിക്കല്‍ അസിസ്റ്റന്റുമാര്‍, ഹെല്‍ത്ത് കെയര്‍ എയ്ഡുമാര്‍, നിര്‍മ്മാണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിച്ചു.

സ്ട്രീം 3 (റെഗുലേറ്റഡ് പ്രൊഫഷന്‍സ്): ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അധ്യാപകര്‍, ഇലക്ട്രീഷ്യന്‍മാര്‍, പ്ലംബര്‍മാര്‍ തുടങ്ങിയ ഔദ്യോഗിക ലൈസന്‍സ് ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ നിന്നായി 110 പേര്‍.
സ്ട്രീം 4 (എക്‌സപ്ഷണല്‍ ടാലന്റ്): മികച്ച നേട്ടങ്ങള്‍ കൈവരിച്ച അപൂര്‍വ്വ കഴിവുകളുള്ള 7 ഉദ്യോഗാര്‍ത്ഥികള്‍ക്കും ക്ഷണം ലഭിച്ചു.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഫ്രഞ്ച് ഭാഷാ നൈപുണ്യവും നിര്‍ദ്ദിഷ്ട പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. കട്ട്-ഓഫ് സ്‌കോര്‍ പോയിന്റുകള്‍ ഓരോ വിഭാഗത്തിനും ജോലി മേഖലയ്ക്കുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. തൊഴില്‍ മേഖലയിലെ രൂക്ഷമായ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനാണ് കെബെക് ഭരണകൂടം ലക്ഷ്യമിടുന്നത്.
.
