Monday, October 5, 2026

ഒളിവിലായിരുന്ന സുഗതൻ എങ്ങനെ കൗൺസിൽ യോഗത്തിൽ ഒപ്പിട്ടു? വ്യാജ ഒപ്പ് പരാതിയിൽ പൊലീസ് അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലറും കാപ്പ കേസ് പ്രതിയുമായ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതെ ഹാജർ രജിസ്റ്ററിൽ ഒപ്പിട്ടെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തതായി രേഖപ്പെടുത്തിയിരിക്കുന്ന ഒപ്പുകൾ വ്യാജമാണെന്നാണ് പരാതി.

കോർപ്പറേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളും അറ്റൻഡൻസ് രജിസ്റ്ററും പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. സിപിഎം പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക്കാണ് പൊലീസിൽ പരാതി നൽകിയത്. കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാത്ത സമയത്ത് സുഗതന്റെ പേരിൽ ഹാജർ രേഖപ്പെടുത്തിയതിൽ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം.

2026 ഫെബ്രുവരി 26, മാർച്ച് 3, ഏപ്രിൽ 27 തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിലാണ് സുഗതന്റെ ഒപ്പുകൾ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്. ഈ കാലയളവിൽ സുഗതൻ ഒളിവിലായിരുന്നുവെന്നാണ് പരാതിക്കാരുടെ വാദം.

സംഭവം ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി മുൻ എംഎൽഎയും കൗൺസിലറുമായ കെ.എസ്. ശബരീനാഥനും രംഗത്തെത്തി. അറ്റൻഡൻസ് രജിസ്റ്ററിലെ ഒപ്പ് വ്യാജമാണെന്ന പരാതി വിശദമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ജൂൺ 29ന് നടന്ന കോർപ്പറേഷൻ യോഗത്തിൽ അറ്റൻഡൻസ് രജിസ്റ്റർ പരിശോധിക്കുന്നതിനിടെ താനും മറ്റ് കൗൺസിലർമാരും ആക്രമിക്കപ്പെട്ടതായും ശബരീനാഥൻ ആരോപിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയനും ചില ബിജെപി കൗൺസിലർമാരുമാണ് ആക്രമിച്ചതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

സുഗതന്റെ പേരിലുള്ള വ്യാജ ഒപ്പ് സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ആക്രമണം നടന്നതെന്ന സംശയവും ശബരീനാഥൻ ഉന്നയിച്ചു. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരവകുപ്പ് ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!