മോസ്കോ: റഷ്യയിലെ സൈബീരിയയിലെ ഇർകുസ്കിൽ 28കാരിയായ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട്. ഷെലെഖോവിലെ ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായ ഡാരിയ ഷിപിലോവയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഇവരുമായി സമ്പർക്കം പുലർത്തിയ 200ലേറെ പേരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരിശോധനയ്ക്കിടെ ലൈവ് ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് അബദ്ധത്തിൽ പൊട്ടിയതിനെ തുടർന്നാണ് രോഗബാധയുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ രോഗബാധയുടെ യഥാർഥ ഉറവിടം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ടെസ്റ്റ് ട്യൂബ് പൊട്ടിയ സംഭവത്തെക്കുറിച്ച് ഡാരിയ ചികിത്സയിലിരിക്കെ മെഡിക്കൽ ജീവനക്കാരോട് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗുരുതരമായ ന്യൂമോണിയ ലക്ഷണങ്ങളോടെ സെപ്റ്റംബർ 29നാണ് ഡാരിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായം നൽകിയെങ്കിലും ഒക്ടോബർ ഒന്നിന് മരണം സംഭവിച്ചതായാണ് റിപ്പോർട്ട്.
സംഭവത്തെ തുടർന്ന് ഡാരിയയുമായി സമ്പർക്കം പുലർത്തിയ 200ലേറെ പേരെ പ്രത്യേക നിരീക്ഷണത്തിലാക്കി. ഇർകുസ്കിൽ പൊതുപരിപാടികൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. അഞ്ച് ആശുപത്രികൾ അടച്ചതായും ചില പ്രാദേശിക റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
രോഗബാധയുടെ ഉറവിടത്തിൽ വ്യക്തതയില്ല
ഇർകുസ്ക് പ്രവിശ്യാ ഗവർണർ ഇഗോർ കോബ്സെവ് നേരത്തെ അജ്ഞാത കാരണത്തിലുള്ള ന്യൂമോണിയയുമായി ബന്ധപ്പെട്ട ഗുരുതരമായ അണുബാധ റിപ്പോർട്ട് ചെയ്തതായി അറിയിച്ചിരുന്നു. രോഗിയുടെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ അവരുടെ ജോലിയുമായി ബന്ധപ്പെട്ട സൂക്ഷ്മാണുക്കൾ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്.

ഇതിനിടെ, ഇർകുസ്കിൽ ഒരു സ്ത്രീ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയിക്കുന്നുവെന്ന് ബുറ്യാഷ്യാ പ്രവിശ്യാ ഗവർണർ അലക്സി സിറ്റ്സോനോവ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. എന്നാൽ മരണകാരണം പ്ലേഗാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
എന്താണ് ന്യൂമോണിക് പ്ലേഗ്?
യെർസീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ രോഗമാണ് പ്ലേഗ്. ശ്വാസകോശത്തെ ബാധിക്കുന്ന രൂപമാണ് ന്യൂമോണിക് പ്ലേഗ്. ശക്തമായ പനി, തലവേദന, ശ്വാസതടസ്സം, നെഞ്ചുവേദന, തുടർച്ചയായ ചുമ എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ചിലരിൽ രക്തം കലർന്നതോ വെള്ളമുള്ളതോ ആയ കഫവും ഉണ്ടാകാം.
ന്യൂമോണിക് പ്ലേഗ് ചികിത്സിക്കാതെ വിട്ടാൽ അതിവേഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ നേരത്തെയുള്ള രോഗനിർണയവും ചികിത്സയും നിർണായകമാണ്.
