കൊച്ചി: ആസൂത്രണ ബോർഡിലെ നിയമനത്തിനായി നടത്തിയ പരീക്ഷയുടെ മൂല്യനിർണയത്തിൽ ഉണ്ടായ വീഴ്ചയിൽ പി.എസ്.സിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. 58 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് ഗുരുതരമായ വിഷയമാണെന്നും ഇതിന് പിന്നിൽ അഴിമതിയുണ്ടോയെന്ന് അന്വേഷിക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.
സംഭവത്തിൽ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് പി.എസ്.സി നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശങ്ങൾ. മൂല്യനിർണയത്തിലെ വീഴ്ച ക്ലറിക്കൽ പിഴവാണെന്നായിരുന്നു പി.എസ്.സിയുടെ വാദം. എന്നാൽ, ഇത് ആസൂത്രിതമായ കുറ്റകൃത്യമാണെന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു.
ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് വെറും ക്ലറിക്കൽ പിഴവായി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. പി.എസ്.സിക്കെതിരായ അന്വേഷണം തടയണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
‘പി.എസ്.സിയുടെ വിശ്വാസ്യത സംരക്ഷിക്കണം’
പി.എസ്.സിക്കെതിരെ ഒന്നും അന്വേഷിക്കരുതെന്നാണോ നിലപാടെന്ന് കോടതി ചോദിച്ചു. പി.എസ്.സിയുടെ വിശ്വാസ്യത സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും യുവാക്കളുടെ പ്രതീക്ഷയാണ് പി.എസ്.സി എന്നും കോടതി ചൂണ്ടിക്കാട്ടി. വിശ്വാസ്യതയെ ബാധിക്കുന്ന നടപടികൾ അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
പി.എസ്.സി ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടും ചോദ്യംചെയ്യലിന് ഹാജരായില്ലെന്ന കാര്യം സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും പി.എസ്.സി അന്വേഷണവുമായി സഹകരിക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.
പി.എസ്.സിക്കെതിരെ ഉയർന്നിരിക്കുന്നത് ഗുരുതര ആരോപണമാണെന്നും അന്വേഷണം തടയണമെന്ന ഹർജി നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. ഹർജിയിലെ വാദം കേൾക്കൽ അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.

നിയമന പരീക്ഷയിൽ ഉയർന്ന ആരോപണം
ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് ആരോപണം ഉയർന്നത്. 2022ലാണ് തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പെർസ്പെക്ടീവ് പ്ലാനിങ്, പ്ലാനിങ് കോഡിനേഷൻ എന്നീ വിഭാഗങ്ങളിൽ ഓരോ ഒഴിവാണ് ഉണ്ടായിരുന്നത്.
മൂന്ന് വിഭാഗങ്ങളിലേക്കും രണ്ട് പേപ്പർ വീതമായിരുന്നു പരീക്ഷ. ആദ്യ പേപ്പർ മൂന്ന് വിഭാഗങ്ങൾക്കും പൊതുവായിരുന്നു. ഈ പേപ്പറിലെ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതെയാണ് ബാക്കിയുള്ള ചോദ്യങ്ങളുടെ മാർക്കും അഭിമുഖത്തിലെ മാർക്കും ഉൾപ്പെടുത്തി 2025 മേയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതെന്നാണ് ആരോപണം.
200ലേറെ പേരാണ് പരീക്ഷ എഴുതിയത്. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പ്ലാനിങ് കോഡിനേഷൻ വിഭാഗങ്ങളിലെ ഒന്നാം റാങ്കുകാർക്ക് നിയമന ശുപാർശ അയക്കുകയും 2025 ജൂണിൽ നിയമനം നൽകുകയും ചെയ്തു. നിയമനം ലഭിച്ചവരിൽ ഇടതുപക്ഷ സംഘടനകളുമായി ബന്ധമുള്ളവരുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
