ടൊറന്റോ: തങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ടൊറന്റോയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കുമെന്ന് മേയര്‍ സ്ഥാനാര്‍ത്ഥി ഒലീവിയ ചൗ (Olivia Chow) പ്രഖ്യാപിച്ചു. വന്‍കിട ഗ്രോസറി സ്റ്റോറുകളില്‍ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഈ പദ്ധതി നടപ്പിലാകുന്നതോടെ ഒരു കുടുംബത്തിന് പ്രതിവര്‍ഷം ശരാശരി 1,800 ഡോളര്‍ വരെ ലാഭിക്കാന്‍ കഴിയുമെന്ന് തിങ്കളാഴ്ച രാവിലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കി.
ശക്തമായ ഒരു സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലൂടെ രക്ഷിതാക്കള്‍ക്ക് സാമ്പത്തികമായി വലിയൊരു ആശ്വാസം നല്‍കാന്‍ സാധിക്കുമെന്നും, ദിവസവും സ്‌കൂളിലേക്ക് ഉച്ചഭക്ഷണം കൊടുത്തയക്കുന്ന ഭാരത്തില്‍ നിന്ന് മാതാപിതാക്കളെ ഒഴിവാക്കാന്‍ കഴിയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. 1990-ല്‍ താനും ജാക്ക് ലേട്ടണും ചേര്‍ന്ന് ടൊറന്റോയിലെ എല്ലാ കുട്ടികള്‍ക്കും ഭക്ഷണം നല്‍കാനുള്ള പദ്ധതി തയ്യാറാക്കിയ കാര്യം ഓര്‍മ്മിപ്പിച്ച ഒലീവിയ ചൗ, കുട്ടികള്‍ക്ക് വിശപ്പില്ലാതെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത്തരം പദ്ധതികള്‍ അത്യാവശ്യമാണെന്നും നാം മുന്നോട്ട് കുതിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

നഗരത്തിലുടനീളമുള്ള 3,30,000-ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണം (Mid-morning meal) ഉറപ്പാക്കുന്ന രീതിയില്‍ ഒലീവിയ ചൗ മുന്‍പ് സ്‌കൂള്‍ ഭക്ഷണ പദ്ധതി വിപുലീകരിച്ചിരുന്നു. ഇതിന്റെ അടുത്ത ഘട്ടമായാണ് സര്‍വ്വത്രിക ഉച്ചഭക്ഷണ പദ്ധതിയും അവതരിപ്പിക്കുന്നത്. ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി സിറ്റി കൗണ്‍സില്‍, മറ്റ് ഗവണ്‍മെന്റ് തലങ്ങള്‍, സ്വകാര്യ സംഭാവനകള്‍ എന്നിവ വഴി ഫണ്ട് കണ്ടെത്തും.
ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ സര്‍ക്കാരുമായി സഹകരിച്ച് 2030-ഓടെ പ്രവിശ്യയിലുടനീളം സ്‌കൂള്‍ ഉച്ചഭക്ഷണം (Universal School Lunch) യാഥാര്‍ത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതി കുടുംബങ്ങളുടെ പ്രതിമാസ ബജറ്റില്‍ കാര്യമായ ആശ്വാസം നല്‍കുന്നതോടൊപ്പം, കുട്ടികള്‍ക്ക് പഠിക്കാനും കളിക്കാനും ആവശ്യമായ ഊര്‍ജ്ജം ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞു.
