Monday, October 5, 2026

ക്ലോക്കുകളിലെ മാറ്റം: സ്റ്റാന്‍ഡേര്‍ഡ് ടൈം സ്ഥിരമാക്കുന്നതാണ് അനുയോജ്യമെന്ന് പഠനം

വന്‍കൂവര്‍: കാനഡയിലെ വിവിധ പ്രവിശ്യകളില്‍ സമയം മാറ്റുന്ന രീതി അവസാനിപ്പിച്ച് ‘ഡേലൈറ്റ് സേവിങ് ടൈം’ (Daylight Saving Time) സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ശാസ്ത്രലോകവും ആരോഗ്യ വിദഗ്ധരും രംഗത്ത്. നവംബര്‍ 1 മുതല്‍ ക്ലോക്കിലെ സമയം മാറ്റാതെ സ്ഥിരമായി ഡേലൈറ്റ് സമയത്തിലേക്ക് മാറുന്നത് മനുഷ്യന്റെ ആരോഗ്യത്തെയും സാമ്പത്തിക മേഖലയെയും വിദ്യാര്‍ത്ഥികളുടെ പഠനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് പ്രമുഖ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

സൈമണ്‍ ഫ്രേസര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും നാഡീശാസ്ത്രജ്ഞനുമായ റാല്‍ഫ് മിസ്റ്റ്ല്‍ബെര്‍ഗറിന്റെ നേതൃത്വത്തില്‍ ബി.സിയിലെ പ്രമുഖ വിദഗ്ദ്ധര്‍ തയ്യാറാക്കിയ വിശകലനം ‘കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍’ (CMAJ) പ്രസിദ്ധീകരിച്ചു.

കാനഡയില്‍ ശൈത്യകാലത്ത് ക്ലോക്കിലെ സൂചി ഒരു മണിക്കൂര്‍ പുറകിലേക്ക് മാറ്റുന്ന പതിവ് ഒഴിവാക്കി, സ്ഥിരമായി ഡേലൈറ്റ് സമയം തുടരാനാണ് ബ്രിട്ടീഷ് കൊളംബിയ, ആല്‍ബര്‍ട്ട, മാനിറ്റോബ തുടങ്ങിയ പ്രവിശ്യകള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ തീരുമാനം വലിയൊരു തെറ്റാണെന്നും, സ്ഥിരമായി ‘സ്റ്റാന്‍ഡേര്‍ഡ് ടൈം’ (Standard Time) നടപ്പിലാക്കുന്നതാണ് മനുഷ്യന്റെ ജൈവഘടികാരത്തിന് (Circadian Rhythm) അനുയോജ്യമെന്നും പഠനം പറയുന്നു.

പ്രധാന കണ്ടെത്തലുകളും മുന്നറിയിപ്പുകളും:

ശരീരത്തിന്റെ ജൈവഘടികാരത്തിലെ തകരാറുകള്‍: ശൈത്യകാലത്ത് ഇരുളടഞ്ഞ പ്രഭാതങ്ങളില്‍ ഉണരുന്നത് തലച്ചോറിനും ശരീരത്തിനും ഉറക്കസമയം കഴിഞ്ഞിട്ടില്ലെന്ന തെറ്റായ സന്ദേശം നല്‍കും. ഇത് ഉറക്കമില്ലായ്മയ്ക്കും ‘സോഷ്യല്‍ ജെറ്റ് ലാഗ്’ (Social Jet Lag) എന്ന അവസ്ഥയ്ക്കും കാരണമാകും.

ആരോഗ്യ പ്രശ്‌നങ്ങള്‍: ഇത് തുടര്‍ച്ചയായി സംഭവിക്കുന്നത് അമിതവണ്ണം, പ്രമേഹം തുടങ്ങിയ മെറ്റബോളിക് തകരാറുകള്‍ക്കും ഹൃദ്രോഗങ്ങള്‍ക്കും കാരണമാകും. കൂടാതെ ക്യാന്‍സര്‍, വിഷാദരോഗം തുടങ്ങിയവയുടെ സാധ്യത വര്‍ധിപ്പിക്കുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥികളെ ബാധിക്കും: വെളിച്ചം കുറഞ്ഞ പ്രഭാതങ്ങളില്‍ സ്‌കൂളില്‍ പോകുന്നത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും. പ്രഭാതത്തില്‍ കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്നത് കുട്ടികളുടെ പഠനമികവ് ഉയര്‍ത്തുമെന്ന് കാനഡയിലെയും യു.എസിലെയും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

പഴയ ഉദാഹരണങ്ങള്‍: 1974-ല്‍ അമേരിക്കയിലും 2011-ല്‍ റഷ്യയിലും 2015-ല്‍ ചിലിയിലും സ്ഥിരമായി ഡേലൈറ്റ് സമയം നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും, ജനങ്ങളുടെ കടുത്ത എതിര്‍പ്പിനെയും ആരോഗ്യ-പഠന തകരാറുകളെയും തുടര്‍ന്ന് പിന്നീട് റദ്ദാക്കേണ്ടി വന്നിട്ടുണ്ട്.

പൊതുജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനായി സ്‌കൂളുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തുക, പ്രഭാതത്തില്‍ കൃത്രിമ വെളിച്ച സംവിധാനങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും വിദഗ്ദ്ധര്‍ മുന്നോട്ടുവെക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!