ഓട്ടവ: ജി7 (G7) രാജ്യങ്ങള്‍ ലക്ഷക്കണക്കിന് ബാരല്‍ ക്രൂഡ് ഓയിലും ഇന്ധന ഉത്പ്പന്നങ്ങളും അടിയന്തര ശേഖരത്തില്‍ നിന്ന് വിപണിയിലെത്തിക്കാന്‍ തീരുമാനിച്ചെങ്കിലും, വരും ആഴ്ചകളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ എണ്ണ ആവശ്യകതയും വിതരണവും തമ്മിലുള്ള വലിയ വ്യത്യാസമാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്.
സാധാരണയായി വര്‍ഷത്തിലെ ഈ സമയത്ത് വേനല്‍ക്കാലത്തെ അപേക്ഷിച്ച് ഇന്ധന വില കുറയാറാണ് പതിവെന്ന് ‘കനേഡിയന്‍സ് ഫോര്‍ അഫോര്‍ഡബിള്‍ എനര്‍ജി’ (Canadians for Affordable Energy) പ്രസിഡന്റ് ഡാന്‍ മക്ടീഗ് പറഞ്ഞു. ഇന്ധനത്തിന്റെ ആവശ്യകത കുറയുന്നതും ശൈത്യകാല ഇന്ധന മിശ്രിതത്തിലേക്ക് മാറുമ്പോഴുള്ള വിലവ്യത്യാസവുമാണ് മുന്‍കാലങ്ങളില്‍ ഇതിന് സഹായിച്ചിരുന്നത്. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബര്‍ 12-ലെ താങ്ക്‌സ്ഗിവിങിന് മുന്‍പായി ഇന്ധനവില ലിറ്ററിന് 10 സെന്റ് വരെ ഉയര്‍ന്നേക്കാമെന്നാണ് മക്ടീഗിന്റെ പ്രവചനം. കൂടാതെ, ഒക്ടോബര്‍ മൂന്നാം ആഴ്ചയോടെ ലിറ്ററിന് 10 മുതല്‍ 15 സെന്റ് വരെ വീണ്ടും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഇന്ധന ആവശ്യകത പൂര്‍ണ്ണമായി നിറവേറ്റാന്‍ നിലവിലെ ഉത്പ്പാദനത്തിന് കഴിയാത്തതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.
മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷങ്ങളും റഷ്യ-യുക്രെയ്ന്‍ യുദ്ധവും മൂലം ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ്, അടിയന്തര കരുതല്‍ ശേഖരത്തില്‍ നിന്ന് 10 കോടി (100 million) ബാരല്‍ ഓയിലും ഇന്ധന ഉല്‍പ്പന്നങ്ങളും പുറത്തുവിടുമെന്ന് കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് എന്നിവടങ്ങുന്ന ജി7 കൂട്ടായ്മ പ്രഖ്യാപിച്ചത്.
എന്നാല്‍, ജി7 രാജ്യങ്ങളുടെ ഈ നടപടി ഇന്ധനവിലയില്‍ താല്‍ക്കാലിക ആശ്വാസം മാത്രമേ നല്‍കൂ എന്ന് മക്റ്റീഗ് ചൂണ്ടിക്കാണിക്കുന്നു. ജി7 രാജ്യങ്ങള്‍ പ്രതിദിനം ശരാശരി 3.2 കോടി ബാരല്‍ ഇന്ധനം ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച 10 കോടി ബാരല്‍ എന്നത് വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിന് മാത്രമേ തികയൂ. ഇത് ഇന്ധന വിപണിയിലെ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്നും, വരും ദിവസങ്ങളില്‍ ഡീസല്‍, പെട്രോള്‍ വില വീണ്ടും ഉയരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
