ടൊറന്റോ: ലോകോത്തര ഗവേഷകരെയും പി.എച്ച്.ഡി (PhD) പ്രതിഭകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായി 100 മില്യണ്‍ ഡോളറിന്റെ (100 million) വന്‍കിട സ്കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ച് ടൊറന്റോ സര്‍വ്വകലാശാല (University of Toronto). കാനഡയിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ തന്നെ ഏറ്റവും വലിയ സ്കോളര്‍ഷിപ്പ് പദ്ധതിയാണിത്.
‘പ്രസിഡന്റ്സ് ഇംപാക്ട് സ്കോളര്‍ഷിപ്പ് പ്രോഗ്രാം’ (Presidents’ Impact Scholarship Program) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗവേഷകനും പ്രതിവര്‍ഷം 80,000 ഡോളര്‍ വീതം നാല് വര്‍ഷത്തേക്ക് ആകെ 3,20,000 ഡോളറാണ് ധനസഹായമായി ലഭിക്കുക.

അമേരിക്കയിലെയും ബ്രിട്ടനിലെയും മുന്‍നിര ഗവേഷണ സര്‍വ്വകലാശാലകള്‍ നല്കുന്ന സ്കോളര്‍ഷിപ്പുകള്‍ക്ക് സമാനമായ തുകയാണിത്. ഉന്നതവിദ്യാഭ്യാസ മേഖലയെ ദീര്‍ഘകാലമായി പിന്തുണയ്ക്കുന്ന ഒരു കനേഡിയന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന് നല്കിയ 5 കോടി ഡോളറിന്റെ നിക്ഷേപത്തിനൊപ്പം (Endowed gift) തത്തുല്യമായ തുക സര്‍വ്വകലാശാലയും പങ്കുവെച്ചാണ് 10 കോടി ഡോളറിന്റെ ഈ ഫണ്ട് രൂപീകരിച്ചത്.
2027 സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുന്ന പദ്ധതിയിലൂടെ ആദ്യഘട്ടത്തില്‍ 12 അല്ലെങ്കില്‍ 13 പുതിയ ഗവേഷകര്‍ക്ക് നാല് വര്‍ഷത്തെ ഫണ്ടിങ് ലഭിക്കും. പദ്ധതിയുടെ നാലാം വര്‍ഷത്തോടെ ആകെ ഗവേഷകരുടെ എണ്ണം 50 ആയി ഉയരുകയും, തുടര്‍ന്ന് ഈ എണ്ണം സ്ഥിരമായി നിലനിര്‍ത്തുകയും ചെയ്യും.
