Tuesday, October 6, 2026

കെബെക്ക് തിരഞ്ഞെടുപ്പ്: പാർട്ടി കെബെക്വയ്ക്ക് മുന്നേറ്റം; അധികാരം പിടിച്ചെടുത്ത് ന്യൂനപക്ഷ സർക്കാർ

മൺട്രിയോൾ: കെബെക്ക് പ്രവിശ്യാ തിരഞ്ഞെടുപ്പിൽ പാർട്ടി കെബെക്വാ (Parti Québécois – PQ) മുന്നേറ്റം നേടി ന്യൂനപക്ഷ സർക്കാർ രൂപീകരണത്തിലേക്ക്. എട്ട് വർഷത്തെ കൊയാലിഷൻ അവെനിർ കെബെക്ക് (CAQ) ഭരണത്തിനെതിരായ ജനവികാരം മുതലെടുത്താണ് PQ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നത്.

2022ലെ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിലേക്ക് ചുരുങ്ങിയിരുന്ന പാർട്ടി ഇത്തവണ വൻ തിരിച്ചുവരവാണ് നടത്തിയത്. നിയമസഭയിൽ ഭൂരിപക്ഷത്തിന് ആവശ്യമായ 64 സീറ്റുകൾ നേടാനായില്ലെങ്കിലും സർക്കാർ രൂപീകരിക്കാൻ ആവശ്യമായ പിന്തുണ ഉറപ്പാക്കാൻ കഴിയുന്ന നിലയിലാണ് പാർട്ടി.

PQ നേതാവ് പോൾ സെന്റ്-പിയറി പ്ലാമണ്ടൺ അധികാരത്തിലെത്തിയാൽ കെബെക്കിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട് മൂന്നാമതൊരു ഹിതപരിശോധന നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഇടതുപക്ഷ പരമാധികാര പാർട്ടിയായ കെബെക്ക് സോളിഡെയറുമായി സഹകരിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

ഇരുപാർട്ടികളും ചേർന്ന് ജനകീയ വോട്ടിന്റെ 40 ശതമാനത്തിലധികം നേടിയതായാണ് കണക്ക്. അതേസമയം, ഹിതപരിശോധന സംബന്ധിച്ച വിഷയത്തിൽ ഇരു പാർട്ടികളുടെയും നിലപാടുകൾക്ക് വ്യത്യാസങ്ങളുണ്ട്.

ചാൾസ് മില്യാർഡിന്റെ നേതൃത്വത്തിലുള്ള കെബെക്ക് ലിബറലുകൾ (PLQ) തുടർച്ചയായ മൂന്നാം തവണയും ഔദ്യോഗിക പ്രതിപക്ഷമായി. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സീറ്റ് നില ഇരട്ടിയിലധികമാക്കി 40 സീറ്റുകളാണ് ലിബറലുകൾ നേടിയത്. കാനഡ ഫെഡറേഷനിൽ തുടരണമെന്ന നിലപാട് വ്യക്തമാക്കിയ പ്രധാന പാർട്ടിയാണ് ലിബറലുകൾ.

അതേസമയം, എറിക് ദുഹൈമിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി 19 സീറ്റുകൾ നേടി നിയമസഭയിൽ ശ്രദ്ധേയ സാന്നിധ്യമായി. 1935ന് ശേഷം ആദ്യമായാണ് പാർട്ടി ഇത്രയും വലിയ തോതിൽ നിയമസഭയിലെത്തുന്നത്. കെബെക്കിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഹിതപരിശോധനയെ എതിർക്കുന്ന നിലപാടാണ് കൺസർവേറ്റീവുകൾ സ്വീകരിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പ് ഫലം പ്രവിശ്യയിലെ രാഷ്ട്രീയ ധ്രുവീകരണവും വ്യക്തമാക്കുന്നു. അഞ്ച് പ്രധാന പാർട്ടികൾക്കും പത്ത് ശതമാനത്തിലധികം വോട്ട് ലഭിച്ചെങ്കിലും ഒരു പാർട്ടിക്കും 30 ശതമാനത്തിലധികം വോട്ട് നേടാനായില്ല.

PQയ്ക്ക് 28 ശതമാനം വോട്ടും ലിബറലുകൾക്ക് 24 ശതമാനം വോട്ടും കൺസർവേറ്റീവുകൾക്ക് 21 ശതമാനം വോട്ടുമാണ് ലഭിച്ചത്. എട്ട് വർഷം അധികാരത്തിലിരുന്ന CAQയ്ക്ക് 13 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ഒരു സീറ്റുപോലും നേടാനാകാതെ CAQ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടു. 12 ശതമാനം വോട്ട് നേടിയ കെബെക്ക് സോളിഡെയർ ഒൻപത് സീറ്റുകൾ നേടി.

ന്യൂനപക്ഷ സർക്കാരായി അധികാരത്തിലെത്തുന്ന PQയ്ക്ക് നിയമനിർമാണത്തിനും ഭരണനടപടികൾക്കും മറ്റ് പാർട്ടികളുടെ പിന്തുണ നിർണായകമാകും. ഇതോടെ വരും ദിവസങ്ങളിൽ കെബെക്കിലെ രാഷ്ട്രീയ സഖ്യങ്ങളും പരമാധികാര ചർച്ചകളും കൂടുതൽ സജീവമാകുമെന്നാണ് വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!