തിരുവനന്തപുരം: വാടക ഹെലികോപ്റ്റർ സർവീസിനായി ചിപ്സൺ ഏവിയേഷനുമായുള്ള കരാർ പുതുക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയിൽ സർക്കാർ നിലപാട് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ചിപ്സൺ ഏവിയേഷന്റെ ഇൻവോയ്സും കോടതിയിൽ ഹാജരാക്കി.
മുഖ്യമന്ത്രി മലപ്പുറത്തേക്ക് ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് വ്യക്തിപരമായ ആവശ്യങ്ങൾക്കായിരുന്നില്ലെന്ന് കെ.എം. ഷാജഹാന്റെ ഹർജിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഹർജി പരിഗണിച്ച ലോകായുക്ത കേസ് നവംബർ മൂന്നിലേക്ക് മാറ്റി. അതേസമയം, മുഖ്യമന്ത്രിക്കെതിരായ മറ്റൊരു ഹർജി ലോകായുക്ത തള്ളി.

ഹെലികോപ്റ്റർ കരാറിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെ കരാർ പുതുക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. പുതിയ ടെൻഡർ നടപടികളിലേക്ക് കടന്നാൽ ചെലവ് വർധിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ നിലവിലെ സംവിധാനത്തിൽ തുടരുന്നതാണ് ഉചിതമെന്നുമായിരുന്നു ശുപാർശ.
എന്നാൽ നിലവിലെ കരാർ പുതുക്കേണ്ടതില്ലെന്നാണ് ഇപ്പോൾ സർക്കാർ ലോകായുക്തയെ അറിയിച്ചിരിക്കുന്നത്. കരാർ കാലാവധി അവസാനിച്ചതിന് ശേഷം ആവശ്യാനുസരണം ഹെലികോപ്റ്റർ സർവീസ് നടത്താമെന്നും മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ സേവനം നൽകാമെന്നും ചിപ്സൺ ഏവിയേഷൻ കമ്പനി സർക്കാരിനെ അറിയിച്ചിരുന്നു.
