മസ്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള സാമ്പത്തിക, തന്ത്രപ്രധാന സഹകരണം കൂടുതല്‍ വിപുലമാക്കാന്‍ തീരുമാനമായി. ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന 15-ാമത് ഇന്ത്യ-ഒമാന്‍ തന്ത്രപ്രധാന കൂടിയാലോചനാ സമിതി യോഗത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണയായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (CEPA) വേഗത്തില്‍ പ്രായോഗികമാക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടന്നു.
വ്യാപാര-നിക്ഷേപ മേഖലകളില്‍ കൂടുതല്‍ മുന്നേറ്റമുണ്ടാക്കാനും സംയുക്ത സാമ്പത്തിക പങ്കാളിത്തത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്ന് യോഗം വിലയിരുത്തി. ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഖലീഫ അലി അല്‍ ഹാര്ത്തിയുടെയും, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍ സെക്രട്ടറി ശ്രീപ്രിയ രംഗനാഥന്റെയും നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.

വ്യാപാരത്തിന് പുറമെ വ്യോമഗതാഗതം, സമുദ്രഗതാഗതം, ലോജിസ്റ്റിക്സ്, ഊര്‍ജ മേഖലകളിലെ സഹകരണവും ഇരുരാജ്യങ്ങളും അവലോകനം ചെയ്തു. പ്രാദേശിക-ആഗോള വിഷയങ്ങള്‍, കോണ്‍സുലര്‍ കാര്യങ്ങള്‍, ഉഭയകക്ഷി കരാറുകള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ചയായി. ഇന്ത്യയിലെ ഒമാന്‍ അംബാസഡര്‍ ഈസ സാലിഹ് അല്‍ ഷൈബാനി ഉള്‍പ്പെടെ ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
