Thursday, October 8, 2026

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണം: ഇന്ത്യയിൽ 53 ലക്ഷം ഉള്ളടക്കങ്ങൾ നീക്കം ചെയ്ത് മെറ്റ

ഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും അതിക്രമങ്ങളും ഉൾപ്പെടുന്ന ഉള്ളടക്കങ്ങൾക്കെതിരെ നടപടി ശക്തമാക്കി മെറ്റ. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള ആറ് മാസത്തിനിടെ ഇന്ത്യയിൽ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമായി 53 ലക്ഷം ഉള്ളടക്കങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി കമ്പനി അറിയിച്ചു.

ഇതിൽ 98 ശതമാനത്തിലധികം ഉള്ളടക്കങ്ങളും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പുതന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനങ്ങൾ വഴി കണ്ടെത്തി നീക്കം ചെയ്തതാണെന്ന് മെറ്റ വ്യക്തമാക്കി. ആഗോളതലത്തിൽ ഇതേ കാലയളവിൽ 3.32 കോടി ഉള്ളടക്കങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇതിൽ 97 ശതമാനവും മെറ്റയുടെ സംവിധാനങ്ങൾ മുൻകൂട്ടി കണ്ടെത്തിയതാണെന്നും കമ്പനി അറിയിച്ചു.

നിയമവിരുദ്ധമായ ഉള്ളടക്കങ്ങളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കുന്ന ‘സൈൻപോസ്റ്റിങ്’ തടയുന്നതിനായി പുതിയ ലാർജ് ലാംഗ്വേജ് മോഡൽ (LLM) സാങ്കേതികവിദ്യയും മെറ്റ വിന്യസിച്ചിട്ടുണ്ട്. പരസ്യങ്ങളിലെ ഉള്ളടക്കത്തിന് പുറമെ അവയിലൂടെ ഉപയോക്താക്കളെ എത്തിക്കുന്ന ബാഹ്യ വെബ്‌സൈറ്റ് ലിങ്കുകളും പരിശോധിക്കാൻ സംവിധാനങ്ങൾക്ക് സാധിക്കും.

സുരക്ഷാ വീഴ്ചകൾ മുൻകൂട്ടി കണ്ടെത്തുന്നതിനായി ‘റെഡ്-ടീമിങ്’ എഐ ഏജന്റുകളെയും അക്കൗണ്ടുകൾ റദ്ദാക്കിയതിന് പിന്നാലെ പുതിയ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നവരെ തിരിച്ചറിയുന്നതിനുള്ള നിരീക്ഷണ സംവിധാനങ്ങളെയും കമ്പനി ഉപയോഗിക്കുന്നുണ്ട്.

കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വീണ്ടും പ്രചരിക്കുന്നത് തടയുന്നതിനായി ‘ഫോട്ടോ ഡിഎൻഎ’, ഹാഷിങ് ഡാറ്റാബേസ് തുടങ്ങിയ സാങ്കേതികവിദ്യകളും മെറ്റ ഉപയോഗിക്കുന്നു. ടെക് കൊയലിഷന്റെ ‘ലാന്റേൺ’ പ്രോഗ്രാം വഴിയും വിവരങ്ങൾ കൈമാറുന്നുണ്ട്.

ഇത്തരം കേസുകളിൽ വ്യക്തിഗത അക്കൗണ്ടുകൾക്ക് പുറമെ ബന്ധപ്പെട്ട ശൃംഖലയെയും ലക്ഷ്യമിട്ടാണ് അന്വേഷണം നടത്തുന്നതെന്ന് മെറ്റ അറിയിച്ചു. യുഎസിലെ ‘നാഷണൽ സെന്റർ ഫോർ മിസ്സിങ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ’ (NCMEC) വഴിയുള്ള റിപ്പോർട്ടിങ്ങിനൊപ്പം ഇന്ത്യയിലെ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) കൈകാര്യം ചെയ്യുന്ന ‘നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലേക്കും’ പരാതികൾ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതായി കമ്പനി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!