ന്യൂഡല്‍ഹി: ഡല്‍ഹി ഇപ്പോള്‍ നേരിടുന്നതുപോലൊരു സാഹചര്യം അപൂര്‍വമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തലസ്ഥാനത്ത് യുദ്ധസമാനമായ അന്തരീക്ഷമാണുള്ളതെന്നും പ്രതിഷേധങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എക്സിലെ കുറിപ്പിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം.
പുലര്‍ച്ചെ രണ്ടുമണിക്ക് ശേഷമാണ് താന്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയതെന്ന് തരൂര്‍ പറഞ്ഞു. ഓരോ നൂറ് മീറ്ററിലും ചെക്ക്പോസ്റ്റുകളും റോഡുകളില്‍ കോണ്‍ക്രീറ്റ് തടസ്സങ്ങളും ടയര്‍ തകര്‍ക്കുന്ന സ്പൈക്ക് സ്ട്രിപ്പുകളും കാണാനായെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിലുടനീളം 22,000 പൊലീസുകാരെയും അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിരിക്കുകയാണെന്നും തരൂര്‍ കുറിച്ചു.

പ്രതിഷേധങ്ങളെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി 250 ട്രെയിനുകള്‍ റദ്ദാക്കിയെന്നും 45 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടെന്നും അദ്ദേഹം ആരോപിച്ചു. ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമുള്ള വീടുകളില്‍നിന്നും തെരുവുകളില്‍നിന്നും യുവാക്കളെ കസ്റ്റഡിയിലെടുക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ടെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ പൗരന്മാര്ക്ക് തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെക്കുറിച്ച് സമാധാനപരമായി ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവകാശം തടയാനാണ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയത് ഏറ്റവും കടുത്ത അടിച്ചമര്‍ത്തല്‍ നടപടികളിലൊന്നാണെന്നും ശശി തരൂര്‍ തന്റെ എക്സ് പോസ്റ്റില്‍ ആരോപിച്ചു.
