വത്തിക്കാന്‍ സിറ്റി: ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍പാപ്പ ലിയോ പതിനാലാമന്‍ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ഞായറാഴ്ച നടത്തിയ രാപ്പൂജയ്ക്കിടെയാണ് 71 കാരനായ മാര്‍പാപ്പ തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള ഈ നിര്‍ണായക വിവരം വിശ്വാസികളെ അറിയിച്ചത്. ശ്വാസകോശത്തിലെ ചെറിയ മുഴ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്താനായെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വരും ദിവസങ്ങളില്‍ റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ഒരാഴ്ചത്തെ വിശ്രമം ആവശ്യമായി വരുമെന്നാണ് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം, നവംബര്‍ 6 മുതല്‍ 17 വരെ ഉറുഗ്വേ, അര്‍ജന്റീന, പെറു എന്നീ രാജ്യങ്ങളില്‍ നടത്താനിരിക്കുന്ന ഔദ്യോഗിക സന്ദര്‍ശനത്തെ ശസ്ത്രക്രിയ ബാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എങ്കിലും നിശ്ചയിച്ച പ്രകാരം യാത്രയുണ്ടാകുമെന്ന് മാര്‍പാപ്പ സൂചിപ്പിച്ചു.

ആഴ്ചതോറും ടെന്നീസും നീന്തലുമായി സജീവമായ ജീവിതശൈലി നയിക്കുന്ന മാര്‍പാപ്പയ്ക്ക് മുന്‍പ് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. മുന്‍ മാര്‍പാപ്പയായ ഫ്രാന്‍സിസ് മാര്‍പാപ്പ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ലിയോ പതിനാലാമന്റെ ആരോഗ്യപ്രശ്‌നം പുറത്തുവരുന്നത്. മാര്‍പാപ്പയുടെ രോഗവിവരമറിഞ്ഞ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
