Sunday, October 11, 2026

വീടുകള്‍ ഏറെയുണ്ട്, വാങ്ങാന്‍ ആളുകളില്ല; മണ്‍ട്രിയോള്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വില്‍പന മന്ദഗതിയില്‍

മണ്‍ട്രിയോള്‍: മണ്‍ട്രിയോള്‍ ഭവന വിപണിയില്‍ ആവശ്യക്കാരുടെ കുറവു മൂലം വീടുകളുടെ വില്‍പ്പന മന്ദഗതിയിലായതായി റിപ്പോര്‍ട്ട്. വിപണിയില്‍ ആവശ്യത്തിന് വീടുകള്‍ ലഭ്യമാണെങ്കിലും വില്‍പ്പന കുറയുന്നത് റിയല്‍ എസ്റ്റേറ്റ് മേഖല പൂര്‍ണ്ണമായും വാങ്ങലുകാരുടെ (ബയേഴ്‌സ്) വിപണിയായി മാറുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ബ്രോക്കര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

കെബെക്ക് പ്രൊഫഷണല്‍ അസോസിയേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ (QPAREB) സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം, ഗ്രേറ്റര്‍ മണ്‍ട്രിയോള്‍ മേഖലയിലെ ഭവന വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനത്തിന്റെ കുറവുണ്ടായി. തുടര്‍ച്ചയായ 14-ാം മാസമാണ് വിപണിയില്‍ വീടുകളുടെ ലഭ്യത വര്‍ധിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരിയേക്കാള്‍ 18 ശതമാനം അധികം വീടുകള്‍ നിലവില്‍ വില്‍പ്പനയ്ക്കുള്ളത് വസ്തുക്കളുടെ വില കുറയാന്‍ ഇടയാക്കിയിട്ടുണ്ട്.

നിര്‍മ്മാണങ്ങള്‍ കൂടിയതും കൈവശമുള്ള പ്രോപ്പര്‍ട്ടികളുടെ ആധിക്യവും കാരണം മണ്‍ട്രിയോള്‍ ദ്വീപില്‍ കോണ്ടോകളുടെ (Condos) വില്‍പ്പന കടുത്ത മന്ദഗതിയിലാണെന്ന് റോയല്‍ ലെപേജ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ മാര്‍ക്ക് ലെഫ്രോയിസ് വ്യക്തമാക്കുന്നു. സിംഗിള്‍ ഫാമിലി വീടുകളുടെ വിലയില്‍ വലിയ മാറ്റമില്ലെങ്കിലും, കഴിഞ്ഞ 2-3 വര്‍ഷങ്ങള്‍ക്കിടയില്‍ നഗരമധ്യത്തില്‍ കോണ്ടോകള്‍ വാങ്ങിയവര്‍ക്ക് ഇപ്പോള്‍ കാര്യമായ സാമ്പത്തിക നഷ്ടം നേരിടുന്നുണ്ട്. പ്രോപ്പര്‍ട്ടികള്‍ വിറ്റുപോകാന്‍ കൂടുതല്‍ സമയമെടുക്കുന്നതിനാല്‍, വിപണി നിരക്കുകളുമായി ഒത്തുപോകാത്ത പ്രോപ്പര്‍ട്ടികള്‍ക്ക് വാങ്ങലുകാരെ കണ്ടെത്തുക പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എങ്കിലും, ആദ്യമായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിലവിലെ സാഹചര്യം വലിയ അവസരമാണ് നല്‍കുന്നത്. വിപണിയില്‍ കൂടുതല്‍ ഓപ്ഷനുകള്‍ ലഭ്യമായതിനാലും വിലപേശലിന് അവസരമുള്ളതിനാലും വാങ്ങലുകാര്‍ക്ക് അനുകൂലമായ അന്തരീക്ഷമാണുള്ളത്. വില്‍പന നടക്കാത്ത സാഹചര്യത്തില്‍, വാങ്ങലുകാര്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ അംഗീകരിക്കാന്‍ ഉടമസ്ഥര്‍ നിര്‍ബന്ധിതരാകുന്നുണ്ട്.

അതേസമയം, അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍, പണപ്പെരുപ്പം, പ്രവിശ്യയിലെ പുതിയ ഭരണമാറ്റം തുടങ്ങിയ ഘടകങ്ങള്‍ വരുംദിവസങ്ങളില്‍ വിപണിയെ കൂടുതല്‍ മന്ദഗതിയിലാക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!