Wednesday, October 14, 2026

ലിയോ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം; ശസ്ത്രക്രിയ വിജയകരമെന്ന് വത്തിക്കാന്‍

റോം: ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് നടത്തിയ ശ്വാസകോശ ശസ്ത്രക്രിയ വിജയകരമാണെന്ന് വത്തിക്കാന്‍ ന്യൂസ് അറിയിച്ചു. റോമിലെ അഗോസ്റ്റിനോ ജെമല്ലി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. അദ്ദേഹത്തിന്റെ വലതു ശ്വാസകോശത്തിന്റെ താഴെ ഭാഗത്തുനിന്ന് ചെറിയൊരു ഭാഗം നീക്കം ചെയ്തതായി ഹോളി സീ പ്രസ് ഓഫീസ് വ്യക്തമാക്കി.

കത്തോലിക്കാ വിശ്വാസികള്‍ ഏറെ ആശങ്കയോടെ പ്രാര്‍ഥനയില്‍ കഴിഞ്ഞ മണിക്കൂറുകള്‍ക്കൊടുവിലാണ് ആശ്വാസകരമായ വാര്‍ത്ത വത്തിക്കാന്‍ പുറത്തുവിട്ടത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ തൊറാസിക് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയയ്ക്കിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ലങ് അഡിനോകാര്‍സിനോമ (Lung Adenocarcinoma) എന്ന രോഗമാണ് മാര്‍പാപ്പയ്ക്ക് സ്ഥിരീകരിച്ചതെന്നും, ഇത് ശ്വാസകോശ ക്യാന്‍സറുകളില്‍ പ്രധാനപ്പെട്ട നോണ്‍-സ്മോള്‍ സെല്‍ ലങ് ക്യാന്‍സര്‍ വിഭാഗത്തില്‍ പെടുന്നതാണെന്നും വത്തിക്കാന്‍ ന്യൂസ് അറിയിച്ചു.

ഏകദേശം മൂന്ന് മണിക്കൂര്‍ നേരമാണ് മാര്‍പാപ്പയെ ഓപ്പറേഷന്‍ തിയറ്ററില്‍ ചികിത്സകള്‍ക്ക് വിധേയനാക്കിയത്. ഇതില്‍ ശസ്ത്രക്രിയ 90 മിനിറ്റ് നീണ്ടുനിന്നു. ശസ്ത്രക്രിയയ്ക്കും പ്രാഥമിക നിരീക്ഷണത്തിനും ശേഷം അദ്ദേഹത്തെ ആശുപത്രിയിലെ മുറിയിലേക്ക് മാറ്റിയതായി വത്തിക്കാന്‍ അറിയിച്ചു. പ്രൊഫസര്‍ മാര്‍ഗരിറ്റോറയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. പ്രൊഫസര്‍ എലിസ മെച്ചി, ഡോ. മരിയ തെരേസ കോംഗെഡോ, ഡോ. ലിയോനാര്‍ഡോ പെട്രാക്ക സിയാവരല്ല എന്നിവരും സംഘത്തിലുണ്ടായിരുന്നു.

നീക്കം ചെയ്ത ടിഷ്യു മെഡിക്കല്‍ സംഘം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ശസ്ത്രക്രിയയ്ക്ക് ശേഷം മാര്‍പ്പാപ്പ തന്റെ സെക്രട്ടറിമാരുമായും വത്തിക്കാനിലെ മറ്റ് ജീവനക്കാരുമായും സംസാരിച്ചതായി വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!