Wednesday, October 14, 2026

ജര്‍മനിയില്‍ പതിനാറുകാരിക്കെതിരെ റോബോട്ടിന്റെ ലൈംഗികാതിക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍

ബെര്‍ലിന്‍: ജര്‍മ്മനിയിലെ കോളോണില്‍ 16-കാരിയായ പെണ്‍കുട്ടിയെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികമായി അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ട് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മൂന്നരയടിയിലധികം ഉയരമുള്ള റോബോട്ടിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

നഗരമധ്യത്തിലെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് മുന്നില്‍ ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ പുറകില്‍ നിന്ന് സമീപിച്ച റോബോട്ട് മോശമായി സ്പര്‍ശിക്കുകയും അശ്ലീല ചലനങ്ങള്‍ കാണിക്കുകയും ചെയ്തതായാണ് പരാതി. പരിഭ്രാന്തയായ പെണ്‍കുട്ടി ബഹളം വെച്ച് മാറിയതിനെ തുടര്‍ന്ന് അക്രമികള്‍ റോബോട്ടുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ തത്സമയം സംപ്രേഷണം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

റോബോട്ടിന്റെ ഉടമയായ പതിനാറുകാരനും അവന്റെ പത്തൊമ്പതുകാരനായ കൂട്ടാളിയുമാണ് ഇതിന് പിന്നിലെന്ന് നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ പോലീസ് അറിയിച്ചു. സംഭവം നടന്ന് അധികം വൈകാതെ തന്നെ സമീപപ്രദേശത്തുനിന്നും പോലീസ് പ്രതികളെ കണ്ടെത്തുകയായിരുന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ പിന്‍സീറ്റില്‍ നിന്നാണ് റോബോട്ടിനെ പോലീസ് കണ്ടെടുത്തത്.

മീശയും കട്ടി സ്വര്‍ണ്ണച്ചെയിനും വെള്ള വെസ്റ്റും ധരിപ്പിച്ച നിലയിലുള്ള റോബോട്ടിന്റെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതികളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. കൃത്യമായ നിയന്ത്രണത്തിലൂടെയാണോ റോബോട്ടിനെക്കൊണ്ട് ഇത് ചെയ്യിച്ചതെന്ന് സാങ്കേതിക പരിശോധനയിലൂടെ പോലീസ് വ്യക്ത വരുത്തും. അതേസമയം, കേസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വരുന്ന ചില അധിക്ഷേപകരമായ കമന്റുകള്‍ അതിരുകടക്കുന്നതാണെന്നും, ഇത് ക്രിമിനല്‍ കുറ്റമായി പരിഗണിച്ച് കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!