Wednesday, October 14, 2026

തമിഴ്നാട്ടിലേക്ക് കൃഷ്ണനദിയില്‍ നിന്ന് വെള്ളമെത്തും: വിജയ്- ചന്ദ്രബാബു നായിഡു കൂടിക്കാഴ്ചയില്‍ ധാരണ

ചെന്നൈ: തമിഴ്നാട്ടിലേക്ക് കൃഷ്ണനദിയില്‍ നിന്ന് വെള്ളം നല്‍കുന്ന കാര്യത്തില്‍ ധാരണയായതായി സൂചന. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവും വിജയവാഡയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. തെലുഗു ഗംഗ പദ്ധതിയിലൂടെ ചെന്നൈയിലേക്ക് കൂടുതല്‍ കുടിവെള്ളം വിട്ടുനല്‍കണമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആന്ധ്രയോട് ആവശ്യപ്പെടുകയായിരുന്നു.

മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്യുടെ ആദ്യ അയല്‍സംസ്ഥാന സന്ദര്‍ശനത്തിലാണ് ജലവിഹിതവും നദീസംയോജന പദ്ധതികളും പ്രധാന ചര്‍ച്ചാവിഷയങ്ങളായത്. തെലുങ്കു ഗംഗാ പദ്ധതി പ്രകാരം തമിഴ്നാടിന് ലഭിക്കേണ്ട കൃഷ്ണ നദീജലത്തിന്റെ അളവില്‍ വലിയ കുറവുണ്ടായ പശ്ചാത്തലത്തിലായിരുന്നു ഈ കൂടിക്കാഴ്ച. പ്രതിവര്‍ഷം അനുവദിച്ചിട്ടുള്ള 12 ടി.എം.സി വെള്ളത്തില്‍ കേവലം 2.251 ടി.എം.സി മാത്രമാണ് തമിഴ്നാടിന് ഇതുവരെ ലഭിച്ചത്. ഇതുമൂലം ചെന്നൈ നഗരത്തിലെ ജലസംഭരണികളിലെ ജലശേഖരം 34 ശതമാനമായി പടിയിറങ്ങി. ഈ സാഹചര്യം പരിഗണിച്ച് ഈ മാസം തന്നെ രണ്ട് ടി.എം.സി. അടി വെള്ളം വിട്ടുതരണമെന്ന് വിജയ് ആവശ്യപ്പെട്ടു.

അതോടൊപ്പം ഗോദാവരി-കൃഷ്ണ-കാവേരി നദീസംയോജനത്തെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി. നദീജല സംയോജനപദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണമെന്ന് ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു. എല്‍ നിനോ പ്രതിഭാസത്തെത്തുടര്‍ന്ന് കൃഷ്ണ നദിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെങ്കിലും, ചെന്നൈയുടെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് നായിഡു ഉറപ്പുനല്‍കി. ധാരണയനുസരിച്ച് തമിഴ്നാടിന്റെ കുടിവെള്ള ആവശ്യങ്ങള്‍ക്കായി ജൂലായ് – ഒക്ടോബര്‍ മാസങ്ങളില്‍ 8 ടി.എം.സിയും ജനുവരി – ഏപ്രില്‍ മാസങ്ങളില്‍ 4 ടി.എം.സിയും വെള്ളമാണ് ആന്ധ്രാപ്രദേശ് നല്‍കേണ്ടത്.

തമിഴ്നാട് മന്ത്രി ആധവ് അര്‍ജുന, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് വിഷ്ണു റെഡ്ഡി എന്നിവരും വിജയ്‌ക്കൊപ്പമുണ്ടായിരുന്നു. ആന്ധ്ര ഐ.ടി മന്ത്രിയും നായിഡുവിന്റെ മകനുമായ നരാ ലോകേഷും ചര്‍ച്ചയില്‍ പങ്കെടുത്തു. ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പ്രശസ്തമായ കനകദുര്‍ഗ അമ്മന്‍ ക്ഷേത്രത്തില്‍ വിജയ് ദര്‍ശനം നടത്തിയിരുന്നു. തമിഴ്നാട് മന്ത്രിമാരായ ആദവ് അര്‍ജുന, എന്‍. ആനന്ദ് എന്നിവരും സന്ദര്‍ശനവേളയില്‍ മുഖ്യമന്ത്രിയെ അനുഗമിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!