തിരുവനന്തപുരം: അര്ജന്റീന ഫുട്ബോള് ടീമിന്റെയും മെസ്സിയുടെയും പേരില് നടന്ന സാമ്പത്തിക ഇടപാടില്, സ്പോണ്സറായ റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റിങ് കമ്പനി (RBC) പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള ഔദ്യോഗിക രേഖകളൊന്നുമില്ലെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്. അര്ജന്റീന ഫുട്ബോള് അസോസിയേഷന് (AFA) സ്പോണ്സര്മാര് ഏകദേശം 126 കോടി രൂപ കൈമാറിയെന്നത് അവരുടെ അവകാശവാദം മാത്രമാണെന്നും നിയമസഭയില് ഉയര്ന്ന ചോദ്യങ്ങള്ക്ക് നല്കിയ രേഖാമൂലമുള്ള മറുപടിയില് മന്ത്രി വ്യക്തമാക്കി.
പണം അയച്ചതിന്റെ ബാങ്ക് ഡെബിറ്റ് അഡൈ്വസ്, സ്വിഫ്റ്റ് പകര്പ്പ് (SWIFT Copy), ഫോം A2, ഫോം 15CA/15CB, ചാര്ട്ടേഡ് അക്കൗണ്ടന്റ് സര്ട്ടിഫിക്കറ്റ്, ഔദ്യോഗിക പണമടവ് രസീത് എന്നിവയൊന്നും സര്ക്കാരിന് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ തുക കൈമാറിയത് സ്ഥിരീകരിക്കാന് സാധിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

ഈ വിഷയവും അതിലെ ദുരൂഹതകളും അന്വേഷണ പരിധിയില് ഉള്പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മുന് കായിക മന്ത്രി, സ്പോര്ട്സ് സെക്രട്ടറി, ഡയറക്ടര് എന്നിവര് നടത്തിയ വിദേശയാത്രകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി.
