ന്യൂഡല്ഹി: വരും മാസങ്ങളില് രാജ്യത്ത് പെട്രോള്, ഡീസല് വില ഉയരുമെന്ന് ഓക്സ്ഫോഡ് ഇക്കണോമിക്സിന്റെ പ്രവചനം. യുപി അടക്കമുള്ള പ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള് സജീവമാകുന്നതിന് മുന്നോടിയായി ഇന്ധനവില വര്ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്ട്ട്. നവംബറില് ഇന്ധനവിലയില് നേരിയ വര്ധനയുണ്ടാകാന് സാധ്യതയുണ്ടെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സിലെ മുഖ്യ സാമ്പത്തിക വിദഗ്ധ അലക്സാന്ഡ്ര ഹെര്മന് പ്രസാദ് വിലയിരുത്തുന്നു.
മിഡില് ഈസ്റ്റിലെ സംഘര്ഷങ്ങളെ തുടര്ന്ന് ആഗോള എണ്ണവില ഉയര്ന്ന സാഹചര്യത്തില് കഴിഞ്ഞ മേയിലാണ് ഇന്ത്യയില് അവസാനമായി ചില്ലറ ഇന്ധനവില വര്ധിപ്പിച്ചത്. അന്ന് പെട്രോള്, ഡീസല് വിലകളില് ആകെ 7.5 ശതമാനത്തിന്റെ വര്ധനവുണ്ടായിരുന്നു. എന്നാല് നവംബറില് ഉണ്ടാകാന് സാധ്യതയുള്ള വര്ധനവ് ഇതിന്റെ പകുതിയോളം മാത്രമായിരിക്കുമെന്നാണ് കണക്കാക്കുന്നത്.

ഇന്ധനവില ഉയരുന്നത് രാജ്യത്തെ പണപ്പെരുപ്പനിരക്കിനെയും പ്രതികൂലമായി ബാധിച്ചേക്കാം. വിലവര്ധനവ് പ്രാബല്യത്തില് വന്നാല് 2026 ഒക്ടോബര്-ഡിസംബര് പാദത്തില് ചില്ലറ പണപ്പെരുപ്പം 6.2 ശതമാനത്തിലേക്കും, 2027 ജനുവരി-മാര്ച്ച് പാദത്തില് 6.5 ശതമാനത്തിലേക്കും ഉയര്ന്നേക്കാമെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ് മുന്നറിയിപ്പ് നല്കുന്നു. റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) സുരക്ഷിത പണപ്പെരുപ്പ പരിധി 2 മുതല് 6 ശതമാനം വരെയാണെന്നിരിക്കെ, ഇത് മറികടക്കുന്നത് സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ വെല്ലുവിളിയാകും.
നടപ്പ് സാമ്പത്തിക വര്ഷത്തില് പണപ്പെരുപ്പം 5.4 ശതമാനത്തിലെത്തുമെന്നാണ് അലക്സാന്ഡ്ര ഹെര്മന് പ്രസാദിന്റെ പ്രവചനം. അതേസമയം ആര്ബിഐയുടെ കണക്കുകൂട്ടല് 5.2 ശതമാനമാണ്. ഇന്ധനവില വര്ധിച്ചില്ലെങ്കിലും വരും മാസങ്ങളില് പണപ്പെരുപ്പം ഉയര്ന്ന നിലയില് തുടരാനാണ് സാധ്യത. ഇത് ഒഴിവാക്കാന് റിസര്വ് ബാങ്ക് വായ്പാ പലിശനിരക്കുകള് (Repo Rate) വീണ്ടും ഉയര്ത്തിയേക്കും. ഇന്ധനവില വര്ധനവ് ഇന്ത്യന് രൂപയുടെ മൂല്യത്തിന്മേലും വലിയ സമ്മര്ദ്ദം ചെലുത്തും.
