മസ്കറ്റ്: നാല് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടനിലേക്ക് തിരിച്ചു. ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. 1982ൽ സുൽത്താൻ ഖാബൂസ് ബിൻ സഈദ് ബ്രിട്ടൻ സന്ദർശിച്ചതിന് ശേഷം ഒരു ഒമാൻ ഭരണാധികാരി നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.
ഒമാനും ബ്രിട്ടനും തമ്മിലുള്ള നയതന്ത്രബന്ധവും സാമ്പത്തിക സഹകരണവും കൂടുതൽ ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഹരിത ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പുതിയ സഹകരണ സാധ്യതകൾ ചർച്ച ചെയ്യും. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും സന്ദർശനം വഴിയൊരുക്കും.
പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സൈദ്, സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സൈദ്, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി അൻവർ ബിൻ ഹിലാൽ അൽ ജാബ്രി എന്നിവരുൾപ്പെടെയുള്ള ഉന്നതതല സംഘവും സുൽത്താനെ അനുഗമിക്കുന്നുണ്ട്.

ഒമാനിലെ വിദേശ നിക്ഷേപത്തിൽ ബ്രിട്ടന് നിർണായക സ്ഥാനമാണുള്ളത്. 2026 ജൂൺ അവസാനത്തോടെ ഒമാനിലെ ബ്രിട്ടീഷ് നേരിട്ടുള്ള നിക്ഷേപം 16.8 ബില്യൺ ഒമാനി റിയാലിലെത്തിയെന്നാണ് റിപ്പോർട്ട്. ഇത് രാജ്യത്തെ ആകെ വിദേശ നിക്ഷേപത്തിന്റെ 52 ശതമാനത്തിലധികമാണ്. 2026ലെ ആദ്യ ഏഴ് മാസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 387.9 ദശലക്ഷം റിയാലിലെത്തി. 2025ലെ ആകെ വ്യാപാരമായ 384.7 ദശലക്ഷം റിയാലിനെ മറികടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഹരിത ഹൈഡ്രജൻ, സാങ്കേതികവിദ്യ, ടൂറിസം, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പുതിയ പങ്കാളിത്തങ്ങൾ രൂപപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് യുകെയിലെ ഒമാൻ അംബാസഡർ ബദർ ബിൻ മുഹമ്മദ് അൽ മൻതരി പറഞ്ഞു.
സാമ്പത്തിക, പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക സുരക്ഷ, സമുദ്ര സുരക്ഷ, കപ്പൽ ഗതാഗത സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളും ചർച്ചകളിൽ ഇടംപിടിക്കുമെന്ന് ബ്രിട്ടനിലെ ഒമാൻ അംബാസഡർ ലിയാൻ സോണ്ടേഴ്‌സ് വ്യക്തമാക്കി.
2025 ജൂലൈയിൽ ബ്രിട്ടനിൽവെച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദവും തന്ത്രപ്രധാന പങ്കാളിത്തവും കൂടുതൽ ശക്തമാക്കുമെന്നാണ് പ്രതീക്ഷ.
