ന്യൂഡല്‍ഹി: വിവാദ അമേരിക്കന്‍ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി (ശരദ് പവാര്‍ വിഭാഗം), ശിവസേന (യുബിടി) തുടങ്ങിയ പ്രതിപക്ഷ കക്ഷികളിലെ നേതാക്കളാണ് ചിത്രങ്ങള്‍ പങ്കുവെച്ച് മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. എപ്സ്റ്റീനെ താന്‍ ഒരിക്കലും നേരിട്ട് ഒറ്റയ്ക്ക് കണ്ടിട്ടില്ലെന്നും ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി മാത്രമാണ് കണ്ടിട്ടുള്ളതെന്നുമുള്ള ഹര്‍ദീപ് സിങ് പുരിയുടെ പഴയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ ചോദ്യംചെയ്യല്‍. ചിത്രങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍, ഇരുവരും തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ചയെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
എപ്സ്റ്റീനെ ഒറ്റയ്ക്ക് കണ്ടിട്ടില്ലെന്നായിരുന്നു ഹര്‍ദീപ് പുരി നേരത്തെ പറഞ്ഞിരുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെയുള്ള ആളുകളെയാണ് ഒപ്പം നിര്‍ത്താന്‍ ഇഷ്ടപ്പെടുന്നതെന്നും ആര്‍എസ്എസും വലതുപക്ഷവും സ്ത്രീകളെ തുല്യരായി പരിഗണിക്കില്ലെന്നതിന് വേറെ എന്തെങ്കിലും തെളിവ് വേണോ എന്നും സുപ്രിയ ശ്രീനാഥെ എക്സില്‍ കുറിച്ചു. ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി മൂന്നോ നാലോ തവണ മാത്രമാണ് എപ്സ്റ്റീനെ കണ്ടതെന്നാണ് പുരി പറഞ്ഞിരുന്നതെന്നും ചിത്രങ്ങളില്‍ മറ്റ് പ്രതിനിധികള്‍ മേശയ്ക്കടിയില്‍ ഒളിച്ചിരിക്കുകയാണോ എന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര പരിഹസിച്ചു. പുരിയുടെ മുന്‍ വീഡിയോ പ്രസ്താവന പങ്കുവെച്ചുകൊണ്ടായിരുന്നു മഹുവയുടെ പ്രതികരണം.

പുറത്തുവന്ന ചിത്രങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് എന്‍സിപി (എസ്പി) വക്താവ് അനീഷ് ഗവാണ്ടെ പ്രതികരിച്ചു. അംബാസഡര്‍ എന്ന പദവിയിലാണെങ്കില്‍ പോലും എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനായിരുന്നുവെന്ന് പുരി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ കൂടിക്കാഴ്ചയെ ‘നയതന്ത്ര അനിവാര്യത’ എന്ന് ന്യായീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചേക്കാമെന്നും ചര്‍ച്ചയിലെ വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തണമെന്നും ഗവാണ്ടെ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് (ഐപിഐ) കീഴിലുള്ള ഇന്‍ഡിപെന്‍ഡന്റ് കമ്മീഷന്‍ ഓണ്‍ മള്‍ട്ടിലാറ്ററലിസത്തിന്റെ (ഐസിഎം) ഭാഗമായി മൂന്നോ നാലോ തവണ മാത്രമാണ് ഔദ്യോഗിക പദവിയില്‍ ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടുള്ളതെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ അംബാസഡര്‍ പദവി ഒഴിഞ്ഞ ശേഷവും 2017-ല്‍ കേന്ദ്ര മന്ത്രിസഭയില്‍ ചേരുന്നതിന് മുമ്പുമാണ് ഈ കൂടിക്കാഴ്ചകള്‍ നടന്നത്.
കൂടിക്കാഴ്ചകള്‍ പൂര്‍ണമായും ഔദ്യോഗികമായിരുന്നുവെന്നും എപ്സ്റ്റീനെതിരായ ക്രിമിനല്‍ ആരോപണങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പുരി അന്ന് വിശദീകരിച്ചിരുന്നു. ഐപിഐയിലെ തന്റെ മേധാവിയായിരുന്ന ടെര്‍ജെ റോഡ്-ലാഴ്സനാണ് എപ്സ്റ്റീനെ അറിയാമായിരുന്നതെന്നും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് എപ്സ്റ്റീനെ കണ്ടതെന്നുമാണ് പുരി വ്യക്തമാക്കിയത്.
