ഓട്ടവ: കാനഡയില്‍ വീടുകളുടെ വില വികസിത രാജ്യങ്ങളേക്കാള്‍ വര്‍ധിച്ചതായി കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിങ് കോര്‍പ്പറേഷന്റെ (CMHC) പുതിയ റിപ്പോര്‍ട്ട്. 2005-ന് ശേഷം രാജ്യത്തെ ഭവന വില ഇരട്ടിയിലധികമായി ഉയര്‍ന്നു.
ആവശ്യകതയ്ക്കനുസരിച്ച് പാര്‍പ്പിട നിര്‍മ്മാണം നടക്കാത്തതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് CMHC ഡെപ്യൂട്ടി ചീഫ് എക്കണോമിസ്റ്റ് അലെഡ് അബ് ഇയോര്‍വെര്‍ത്ത് വ്യക്തമാക്കുന്നു. ജനസംഖ്യാ വളര്‍ച്ചയിലെ റെക്കോര്‍ഡ് വര്‍ധനയും വീടുകളുടെ നിര്‍മ്മാണ വേഗത കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് വഴിവെച്ചത്. 2023, 2024 വര്‍ഷങ്ങളില്‍ പുതുതായി പൂര്‍ത്തിയാക്കിയ ഓരോ വീടിനും അഞ്ച് പുതിയ നിവാസികള്‍ എന്ന തോതിലാണ് ജനസംഖ്യ ഉയര്‍ന്നത്.
കുറഞ്ഞ പലിശ നിരക്കുകള്‍, വര്‍ധിച്ച വരുമാനം, ജനസംഖ്യാപരമായ മാറ്റങ്ങള്‍ എന്നിവ ആവശ്യകത കൂട്ടിയെങ്കിലും വിതരണം ശക്തമാക്കാന്‍ രാജ്യത്തിന് സാധിച്ചില്ല. 2000-കളുടെ തുടക്കത്തില്‍ വന്‍കൂവറില്‍ ആരംഭിച്ച ഈ ഭവന ലഭ്യതക്കുറവും വിലക്കയറ്റവും പിന്നീട് ടൊറന്റോ, ഓട്ടവ, മണ്‍ട്രിയോള്‍, ഹാലിഫാക്‌സ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

2008-09 കാലഘട്ടത്തിലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം മറ്റ് വികസിത രാജ്യങ്ങളില്‍ വീടുവിലയില്‍ വന്‍ ഇടിവുണ്ടായെങ്കിലും കാനഡയില്‍ ചെറിയ കുറവിന് ശേഷം വില തുടര്‍ച്ചയായി ഉയരുകയായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ജനസംഖ്യാ വളര്‍ച്ച വേഗത്തിലായ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, നോര്‍വേ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയിലാണ് ഏറ്റവും ഉയര്‍ന്ന റിയല്‍ എസ്റ്റേറ്റ് വിലക്കയറ്റം രേഖപ്പെടുത്തിയത്.
