ഓട്ടവ : കാനഡയുടെ മൂല്യങ്ങളോടും മനുഷ്യാവകാശ നിലപാടുകളോടും പൂര്‍ണ്ണമായി യോജിക്കാത്ത രാജ്യങ്ങളുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. തുര്‍ക്കി സര്‍ക്കാരുമായി പുതിയ തന്ത്രപ്രധാന വ്യാപാര-പ്രതിരോധ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കിയത്. ഒരു രാജ്യവുമായി സഹകരണത്തില്‍ ഏര്‍പ്പെടുന്നു എന്നതിനര്‍ത്ഥം അവരുടെ എല്ലാ നിലപാടുകളെയും അംഗീകരിക്കുന്നു എന്നല്ലെന്ന് കാര്‍ണി വ്യക്തമാക്കി.
‘മറ്റ് രാജ്യങ്ങളുമായി സഹകരണത്തിലേര്‍പ്പെടുന്നത് അവരുടെ നയങ്ങള്‍ക്ക് അംഗീകാരം നല്കലല്ല,’ കാര്‍ണി പറഞ്ഞു. ‘വാല്യൂസ്-ബേസ്ഡ് റിയലിസം’ (Values-based Realism) എന്ന നയത്തിലൂടെ എല്ലാ പങ്കാളികളും കാനഡയുടെ അതേ മൂല്യങ്ങള്‍ പങ്കുവെക്കണമെന്നില്ലെന്ന് തിരിച്ചറിഞ്ഞു തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് തുര്‍ക്കി അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മനുഷ്യാവകാശ വിഷയങ്ങള്‍ ഉന്നയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അമേരിക്കന്‍ വിപണിയെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും വ്യാപാര മേഖല വൈവിധ്യവത്കരിക്കാനുമുള്ള കാനഡയുടെ ശ്രമങ്ങളുടെ ഭാഗമായാണ് തുര്‍ക്കിയുമായുള്ള ബന്ധം ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി അങ്കാറയിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ശേഷം ഇസ്താംബൂളില്‍ വ്യവസായ പ്രമുഖരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. തുര്‍ക്കിയില്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്ന രണ്ട് ആണവനിലയങ്ങളുടെ നിര്‍മ്മാണത്തില്‍ കനേഡിയന്‍ എഞ്ചിനീയറിങ് കമ്പനിയായ ‘AtkinsRealis’ പങ്കാളിയാകാന്‍ സാധ്യതയുണ്ടെന്ന് കാര്‍ണി വ്യക്തമാക്കി.
അമേരിക്കന്‍ ആരോപണങ്ങള്‍ക്കെതിരെ പ്രതികരണം
വരാനിരിക്കുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ കാനഡ ഇടപെടാന്‍ ശ്രമിക്കുന്നുവെന്ന അമേരിക്കയുടെ ആരോപണങ്ങളെ കാര്‍ണി ശക്തമായി തള്ളിപ്പറഞ്ഞു. നവംബര്‍ 3-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കാനഡ ഇടപെടുന്നുവെന്ന് കാണിച്ച് ഓട്ടവയിലെ യു.എസ് എംബസി ഫാക്റ്റ് ഷീറ്റ് പുറത്തുവിട്ടിരുന്നു.
‘ഈ ആരോപണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ല. ഒരു രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ ഇടപെടാതിരിക്കാന്‍ കാനഡ എപ്പോഴും ശ്രദ്ധിക്കാറുണ്ട്,’ കാര്‍ണി വ്യക്തമാക്കി. യു.എസ് സ്ഥാനപതിയുടെ ഇത്തരം പ്രസ്താവനകളില്‍ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
