Sunday, October 25, 2026

85,000 കടന്ന് ഭവനരഹിതര്‍: അടിയന്തര സഹായം ആവശ്യപ്പെട്ട് ഒന്റാരിയോ നഗരസഭകള്‍

ടൊറന്റോ: ഒന്റാരിയോ പ്രവിശ്യയില്‍ ഭവനരഹിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഭവനം, മാനസികാരോഗ്യം, ലഹരിമുക്തി സേവനങ്ങള്‍ എന്നിവയ്ക്കായുള്ള ഫണ്ട് കണ്ടെത്താന്‍ നഗരസഭകള്‍ കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത്.

അസോസിയേഷന്‍ ഓഫ് മുനിസിപ്പാലിറ്റീസ് ഓഫ് ഒന്റാരിയോ (AMO) നടത്തിയ പഠനമനുസരിച്ച്, പ്രവിശ്യയിലെ ഭവനരഹിത പ്രതിസന്ധി അതീവ ഗുരുതരമായ ഘട്ടത്തിലെത്തിയിരിക്കുകയാണ്. 2024-ല്‍ ഏകദേശം 80,000 ആളുകള്‍ ഭവനരഹിതരായിരുന്നെങ്കില്‍, 2025-ഓടെ ഇത് 85,000 ആയി ഉയര്‍ന്നു. ഈ സംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് അസോസിയേഷന്റെ വിലയിരുത്തല്‍. ഇതില്‍ പകുതിയിലധികം ആളുകളും ആറുമാസത്തില്‍ കൂടുതലായി തെരുവുകളിലാണ് കഴിയുന്നത്.

ഒന്റാരിയോയിലെ 444 നഗരസഭകളെ പ്രതിനിധീകരിക്കുന്ന എ.എം.ഒ-യുടെ പ്രസിഡന്റും ഓട്ടവ സിറ്റി കൗണ്‍സിലറുമായ റൈലി ബ്രോക്കിങ്ടണ്‍, ഈ സാഹചര്യം കടുത്ത ആശങ്ക ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കി. ബജറ്റ് കമ്മി നികത്താന്‍ നിയമപരമായ ഭരണഘടനാപരമായ പരിമിതികളുള്ളതിനാല്‍ നഗരസഭകളുടെ വാര്‍ഷിക ബജറ്റിന്റെ ഭൂരിഭാഗവും ഈ പ്രതിസന്ധി പരിഹരിക്കാനാണ് ചെലവഴിക്കുന്നത്. ഇതിന് പരിഹാരമായി ഫെഡറല്‍-പ്രവിശ്യാ സര്‍ക്കാരുകള്‍ കൃത്യമായ ദീര്‍ഘകാല ധനസഹായ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്ത 10 വര്‍ഷത്തേക്ക് 11 ശതകോടി (11 billion) കനേഡിയന്‍ ഡോളറിന്റെ ഫണ്ടാണ് എ.എം.ഒ ആവശ്യപ്പെടുന്നത്. ഇതിലൂടെ 75,000 ആളുകള്‍ക്ക് പുനരധിവാസവും താല്‍ക്കാലിക പാര്‍പ്പിടവും ഉറപ്പാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധിക്കും. കൂടാതെ, തെരുവുകളിലെ താല്‍ക്കാലിക ക്യാമ്പുകള്‍ (Encampments) നിയന്ത്രിക്കുന്നതിനായി 8 വര്‍ഷത്തേക്ക് 2 ശതകോടി ഡോളര്‍ അധികമായി അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഗ്രാമീണ മേഖലകളിലും വടക്കന്‍ ഒന്റാരിയോയിലുമാണ് ഭവനരഹിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന് രേഖപ്പെടുത്തിയിരിക്കുന്നത്. വടക്കന്‍ ഒന്റാരിയോയില്‍ 37 ശതമാനവും ഗ്രാമീണ മേഖലകളില്‍ 31 ശതമാനവും വര്‍ധനയാണ് ഒരു വര്‍ഷത്തിനിടെ ഉണ്ടായത്.

പ്രവിശ്യയിലൊട്ടാകെ 20,000-ത്തോളം യുവാക്കളും കുട്ടികളും തെരുവുകളില്‍ കഴിയുന്നുണ്ടെന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ടൊറന്റോയില്‍ മാത്രം ഓരോ രാത്രിയിലും ആയിരത്തിലധികം കുട്ടികളാണ് അഭയകേന്ദ്രങ്ങളിലോ തെരുവുകളിലോ കഴിയുന്നത്. കുടുംബങ്ങളിലെ പ്രശ്‌നങ്ങളും സാമ്പത്തിക ബാധ്യതകളുമാണ് യുവാക്കളെ തെരുവിലേക്ക് തള്ളവിടുന്ന പ്രധാന ഘടകം.

ചെറുപ്പകാലത്ത് തന്നെ ഭവനരഹിതരാകുന്ന പ്രവണത തടയാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ മുതിര്‍ന്നവരിലെ ഭവനരഹിത പ്രതിസന്ധി വലിയൊരു അളവുവരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് കവനെന്റ് ഹൗസ് ടൊറന്റോ സി.ഇ.ഒ മാര്‍ക്ക് ആസ്റ്റണ്‍ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന പുതിയ മേയര്‍മാര്‍ യുവാക്കളുടെ ഭവനരഹിത പ്രതിസന്ധി അവസാനിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!