മസ്‌കറ്റ്: അതിർത്തി പ്രദേശങ്ങളിലെ പെട്രോൾ പമ്പുകളിൽ ഇന്ധനത്തിന് ആവശ്യക്കാർ വർധിച്ചതോടെ വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിന്ന് 50 കിലോമീറ്റർ ചുറ്റളവിലുള്ള പെട്രോൾ പമ്പുകൾക്കാണ് നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ഒരു വാഹനത്തിന് ഒരു തവണ പരമാവധി 30 ലിറ്റർ ഇന്ധനം മാത്രമേ ലഭിക്കൂ.
ഒമാൻ നാഷണൽ സബ്സിഡി കമ്മിറ്റിയാണ് പുതിയ നിയന്ത്രണത്തിന് അംഗീകാരം നൽകിയത്. അതിർത്തി പ്രദേശങ്ങളിലെ പമ്പുകളിൽ ഇന്ധനത്തിന് വൻതോതിൽ ആവശ്യക്കാർ എത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വാണിജ്യ വിഭാഗം ഡയറക്ടർ ജനറൽ നസ്ര ബിൻത് സുൽത്താൻ അൽ ഹബ്‌സി വ്യക്തമാക്കി.

ഒമാൻ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം അറിയിച്ചത്. സാധാരണ ഉപഭോക്താക്കൾക്ക് ഇന്ധനക്ഷാമം നേരിടേണ്ടിവരാതിരിക്കാനും ലഭ്യമായ ഇന്ധനം കൂടുതൽ ആളുകളിലേക്ക് തുല്യമായി വിതരണം ചെയ്യാനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അധികൃതർ വിശദീകരിച്ചു.
അതിർത്തി മേഖലകളിലെ ഇന്ധന വിതരണത്തിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കും. ഇന്ധനത്തിന്റെ ലഭ്യതയും വിതരണവും വിലയിരുത്തിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
