Monday, October 26, 2026

പേപ്പര്‍ സ്‌ട്രോകള്‍ പ്ലാസ്റ്റിക്കിനേക്കാള്‍ അപകടകരം: കൊറിയന്‍ പഠനം

ബെയ്ജിങ്: പ്ലാസ്റ്റിക്കിന് പകരം പരിസ്ഥിതി സൗഹൃദപരമായ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പരക്കെ ഉപയോഗിച്ചുവരുന്ന പേപ്പര്‍ സ്‌ട്രോകള്‍ കരുതുന്നത്ര സുരക്ഷിതമല്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പരമ്പരാഗത പ്ലാസ്റ്റിക് സ്‌ട്രോകളേക്കാള്‍ വലിയ പാരിസ്ഥിതിക ആഘാതമാണ് പേപ്പര്‍ സ്‌ട്രോകള്‍ ഉണ്ടാക്കുന്നതെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണ കൊറിയയുടെ കാലാവസ്ഥ, ഊര്‍ജ, പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച പഠന റിപ്പോര്‍ട്ട് പ്രതിപക്ഷ പീപ്പിള്‍ പവര്‍ പാര്‍ട്ടി നിയമസഭാംഗമായ കിം വൈ-സാങ് പുറത്തുവിട്ടതായി ‘ദി കൊറിയ ഹെറാള്‍ഡ്’ വെളിപ്പെടുത്തി.

സാധാരണ പ്ലാസ്റ്റിക് സ്‌ട്രോകളെ അപേക്ഷിച്ച് കടലാസ് സ്‌ട്രോകള്‍ക്ക് 6.33 മടങ്ങ് അധിക ക്യാന്‍സര്‍ സാധ്യതയുണ്ടാക്കാനും പരിസ്ഥിതിക്ക് വലിയ ദോഷം വരുത്താനും കഴിയുമെന്ന് പഠനത്തില്‍ കണ്ടെത്തി. ഒരു ഉല്‍പ്പന്നത്തിന്റെ നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ ശേഖരിക്കുന്നത് മുതല്‍ അത് സംസ്‌കരിക്കുന്നത് വരെയുള്ള മുഴുവന്‍ ഘട്ടങ്ങളിലും അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന രാസവസ്തുക്കളുടെ അംശത്തെ അടിസ്ഥാനമാക്കിയാണ് ഈ അളവുകോല്‍ നിര്‍ണ്ണയിച്ചിരിക്കുന്നത്. എന്നാല്‍, ഒരു സ്‌ട്രോ നേരിട്ട് ഉപയോഗിക്കുന്നത് കൊണ്ട് പെട്ടെന്ന് നേരിട്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകണമെന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

കൂടാതെ, കടലാസ് സ്‌ട്രോകള്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന അമ്ലീകരണ സ്വാധീനം (Acidification effect) സാധാരണ പ്ലാസ്റ്റിക് സ്‌ട്രോകളേക്കാള്‍ 2.04 മടങ്ങ് കൂടുതലാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വായു, മണ്ണ്, വെള്ളം എന്നിവയുടെ അമ്ലത്വം ഉയര്‍ത്തുന്നതിലൂടെ ജീവജാലങ്ങള്‍ക്കും ആവാസവ്യവസ്ഥയ്ക്കും ഉണ്ടാകുന്ന ആഘാതത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ജൈവവിഘടനം സംഭവിക്കുന്ന (Biodegradable) പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്കും സാധാരണ പ്ലാസ്റ്റിക്കിനേക്കാള്‍ 3.34 മടങ്ങ് അധിക ക്യാന്‍സര്‍ സാധ്യതയും 1.98 മടങ്ങ് അധിക അമ്ലീകരണ ആഘാതവും ഉണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

പരമ്പരാഗത പ്ലാസ്റ്റിക്, പേപ്പര്‍, ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്, ബയോ-ബേസ്ഡ് പോളിത്തീന്‍ എന്നിങ്ങനെ നാല് തരം സ്‌ട്രോകളെയാണ് ഗവേഷകര്‍ പ്രധാനമായും വിലയിരുത്തിയത്. ഗ്രീന്‍ഹൗസ് വാതക പുറന്തള്ളല്‍, മനുഷ്യശരീരത്തിലെ വിഷാംശം, സൂക്ഷ്മകണികകള്‍, അമ്ലീകരണം തുടങ്ങി 16 പരിസ്ഥിതി ആഘാത വിഭാഗങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പരിശോധന. ഇതില്‍ കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവും ഉള്‍പ്പെടെ 10 വിഭാഗങ്ങളിലും ഏറ്റവും കുറഞ്ഞ പരിസ്ഥിതി ആഘാതം രേഖപ്പെടുത്തിയത് സാധാരണ പ്ലാസ്റ്റിക് സ്‌ട്രോകളാണെന്ന കണ്ടെത്തല്‍ ഏറെ ശ്രദ്ധേയമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!