Wednesday, October 28, 2026

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം; 30 മരണം, നിരവധി പേര്‍ക്ക് പരുക്ക്

മാഡ്രിഡ്: സ്‌പെയിനിലെ ടൊലെഡോ പ്രവിശ്യയില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ ദുരന്തം. അപകടത്തില്‍ കുറഞ്ഞത് 30 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൂട്ടിയിടിയുടെ ആഘാതത്തില്‍ രണ്ട് ട്രെയിന്‍ കോച്ചുകള്‍ പാളം തെറ്റി മറിഞ്ഞു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു.

ബുധനാഴ്ച രാവിലെയായിരുന്നു അപകടം. മാഡ്രിഡില്‍നിന്ന് തെക്കന്‍ സ്‌പെയിനിലേക്കുള്ള അതിവേഗ റെയില്‍ പാതയില്‍ ഉറ്ദ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് പിന്നിലേക്ക് രണ്ടാമത്തെ ട്രെയിന്‍ ശക്തമായി ഇടിച്ചുകയറുകയായിരുന്നു. സ്പാനിഷ് റെയില്‍വേ ഓപ്പറേറ്ററായ റെന്‍ഫെയുടെ ട്രെയിനും സ്വകാര്യ കമ്പനിയായ ഇരിയോയുടെ ട്രെയിനുമാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് ട്രെയിനുകളിലുമായി 544 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും കൂടുതല്‍ തകരാറുകള്‍ സംഭവിച്ച രണ്ട് കോച്ചുകളില്‍ നിന്ന് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി വരികയാണ്. പരുക്കേറ്റ യാത്രക്കാരെ പരിചരിക്കുന്നതിനായി ഉര്‍ദ നഗരത്തിലെ സ്‌പോര്‍ട്‌സ് പവലിയന്‍ സജ്ജീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് നഗരസഭാ മേയര്‍ മാനുവല്‍ ഗലാന്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സിനും പൊലീസിനും ഒപ്പം മിലിട്ടറി എമര്‍ജന്‍സി ബ്രിഗേഡും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുണ്ട്.

ദുരന്തത്തില്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് കടുത്ത ദുഃഖം രേഖപ്പെടുത്തുകയും തന്റെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരികയാണെന്നും ഇരയായവരുടെ കുടുംബങ്ങള്‍ക്കൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ഈ വര്‍ഷം സ്‌പെയിനില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ട്രെയിന്‍ അപകടമാണിത്. കഴിഞ്ഞ ജനുവരിയില്‍ ദക്ഷിണ സ്‌പെയിനില്‍ ട്രെയിന്‍ പാളം തെറ്റി മറ്റൊരു ട്രെയിനുമായി കൂട്ടിയിടിച്ച് 45 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!