ഫ്രെഡറിക്ടണ്‍: ന്യൂബ്രണ്‍സ്വിക് പ്രവിശ്യയില്‍ കോപ്പര്‍ (ചെമ്പ്) വയര്‍ മോഷണം തടയുന്നതിനായി സര്‍ക്കാര്‍ നിയമ നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക ഭേദഗതികള്‍ വരുത്തുന്നു. പ്രവിശ്യയിലെ ‘സാല്‍വേജ് ഡീലേഴ്സ് ലൈസന്‍സിങ് ആക്ടില്‍’ (Salvage Dealers Licensing Act) ഭേദഗതി വരുത്തിക്കൊണ്ടാണ് മോഷണം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
പുതിയ നിയമപ്രകാരം, കരിച്ചെടുത്തതോ (burned) അല്ലെങ്കില്‍ നിര്‍മ്മിത രൂപത്തില്‍ മാറ്റം വരുത്തിയതോ ആയ കോപ്പര്‍ വയറുകള്‍ സാല്‍വേജ് ഡീലര്‍മാര്‍ (ആക്രി വ്യാപാരികള്‍) വാങ്ങുന്നത് പൂര്‍ണ്ണമായും നിരോധിച്ചു. എന്നാല്‍ അത്തരം വസ്തുക്കള്‍ നിയമപരമായി കൈവശം വെക്കാനും വില്‍ക്കാനും അനുമതിയുള്ള ഏജന്‍സികള്‍ക്ക് ഇവ വ്യാപാരികള്‍ക്ക് നല്‍കാവുന്നതാണ്.

വ്യാപാരികള്‍ പാലിക്കേണ്ട പ്രധാന നിബന്ധനകള്‍:
48 മണിക്കൂര്‍ കാത്തിരിപ്പ് സമയം: വ്യാപാരികള്‍ കോപ്പര്‍ വാങ്ങിയ ശേഷം അതിന്റെ പണം കൈമാറുന്നതിനും, അത് സംസ്കരിക്കുന്നതിനും, മറിച്ച് വില്‍ക്കുന്നതിനും അല്ലെങ്കില്‍ നശിപ്പിക്കുന്നതിനും 48 മണിക്കൂര്‍ കാത്തിരിക്കണം.
ഫോട്ടോ ഐഡി റെക്കോര്‍ഡ്: വില്‍ക്കുന്ന ആളുടെ സര്‍ക്കാര്‍ അംഗീകൃത ഫോട്ടോ അടങ്ങിയ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് സൂക്ഷിക്കണം.
ഇടപാട് നിരസിക്കാനുള്ള അധികാരം: സംശയാസ്പദമായ ഏത് ഇടപാടും നിരസിക്കാനും അത്തരം സംഭവങ്ങള്‍ നിയമപാലകരെ അറിയിക്കാനും വ്യാപാരികള്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ടായിരിക്കും.
കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രവിശ്യയില്‍ കോപ്പര്‍ വയര്‍ മോഷണം വര്‍ധിച്ചുവരുന്നതായും ഇത് ഫോണ്‍, ഇന്റര്‍നെറ്റ്, വൈദ്യുതി സര്‍വീസുകളെ രൂക്ഷമായി ബാധിക്കുന്നതായും അധികൃതര്‍ ചൂണ്ടിക്കാട്ടി. വരും മാസങ്ങളില്‍ നിയമലംഘനം നടത്തുന്ന വ്യാപാരികള്‍ക്കെതിരെ ഭാരിച്ച പിഴ ചുമത്തുമെന്നും ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
