Friday, October 30, 2026

കള്ളുഷാപ്പുകളിൽ ഇനി സ്ത്രീകൾക്കും ജോലി ചെയ്യാം; വിലക്കേർപ്പെടുത്തിയ ചട്ടം റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: കള്ളുഷാപ്പുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കിയുള്ള ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. സ്ത്രീകളുടെ മൗലികാവകാശങ്ങൾക്കും തൊഴിൽ സ്വാതന്ത്ര്യത്തിനും വിരുദ്ധമാണ് ഈ വിലക്കെന്ന് കോടതി നിരീക്ഷിച്ചു. 2002ലെ കേരള അബ്കാരി ഷോപ്പ്‌സ് ഡിസ്പോസൽ ചട്ടങ്ങളിലെ റൂൾ 7(37) ആണ് ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.

സ്ത്രീകളുടെ സുരക്ഷയുടെ പേരിൽ തൊഴിൽ അവസരങ്ങൾ നിഷേധിക്കാൻ സർക്കാരിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ 47കാരി നൽകിയ ഹർജിയിലാണ് നിർണായക നടപടി.

കള്ളുഷാപ്പിൽ ജോലി ചെയ്തിരുന്ന ഹർജിക്കാരിയുടെ ഭർത്താവ് 2024ൽ മരിച്ചിരുന്നു. തുടർന്ന് ആശ്രിത നിയമന വ്യവസ്ഥ പ്രകാരം കള്ളുഷാപ്പിൽ ജോലി ആവശ്യപ്പെട്ടെങ്കിലും സ്ത്രീകൾക്ക് ജോലി വിലക്കുന്ന ചട്ടം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. ഇതോടെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

സ്ത്രീകളെ ചൂഷണത്തിൽ നിന്നും തൊഴിൽസ്ഥലത്തെ പീഡനങ്ങളിൽ നിന്നും സംരക്ഷിക്കാനാണ് വിലക്കെന്നായിരുന്നു സർക്കാരിന്റെ വാദം. കള്ളുഷാപ്പുകൾ പലപ്പോഴും വിദൂര സ്ഥലങ്ങളിലായതിനാൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

എന്നാൽ സുരക്ഷയുടെ പേരിൽ എല്ലാ സ്ത്രീകൾക്കും തൊഴിൽ നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഹൈക്കോടതി ചട്ടം റദ്ദാക്കിയത്. കള്ളുഷാപ്പുകളിലെ തൊഴിൽ സാഹചര്യങ്ങളും വിദേശമദ്യ വിൽപ്പനശാലകളിലെ സാഹചര്യങ്ങളും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി ഷാപ്പ് ലൈസൻസിയും ഹർജിയെ എതിർത്തിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!