Sunday, November 1, 2026

ഗ്യാനേഷ് കുമാര്‍ ഇല്ലെങ്കില്‍ മോദി പ്രധാനമന്ത്രിയാകുമായിരുന്നില്ല: രാഹുല്‍ ഗാന്ധി

ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് പ്രതിപക്ഷം ശക്തമായ സന്ദേശമാണ് നല്‍കിയതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് വര്‍ഷങ്ങളായി വോട്ടുകൊള്ള നടക്കുകയാണെന്നും ജനാധിപത്യം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയേക്കാള്‍ വലുതല്ല ബിജെപിയെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി, റാലിയില്‍ ഒഴുകിയെത്തിയ ജനസാഗരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള വ്യക്തമായ മുന്നറിയിപ്പാണെന്നും ചൂണ്ടിക്കാട്ടി. ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയുള്ള പോരാട്ടമല്ലെന്നും രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ശബ്ദമാണെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

2024-ലെ പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ 13 കോടിയോളം വോട്ടര്‍മാരാണ് പട്ടികയില്‍ നിന്ന് പുറത്തായതെന്നും ഇത് ആകെ വോട്ടര്‍മാരുടെ 15 ശതമാനത്തോളം വരുമെന്നും രാഹുല്‍ ആരോപിച്ചു. ഗ്യാനേഷ് കുമാറിന് സ്ഥാനത്തുനിന്ന് പുറത്തുപോകേണ്ടി വരുമെന്നും ജനങ്ങളുടെ ശബ്ദം കൊള്ളയടിച്ച ഇദ്ദേഹം ജയിലിലാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യദ്രോഹത്തിന് തുല്യമായ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ്. ഗ്യാനേഷ് കുമാറിന്റെ സഹായമില്ലാതെ നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയോ അമിത് ഷായ്ക്ക് ആഭ്യന്തരമന്ത്രിയോ ആകാന്‍ കഴിയില്ല. ആര്‍എസ്എസ് ജുഡീഷ്യറിയും സിബിഐയും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം സകല മേഖലകളും കൈയടക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പത്ത് അദാനിയിലേക്കും അംബാനിയിലേക്കും മാത്രമായി ചുരുങ്ങുമ്പോള്‍ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

നരേന്ദ്ര മോദിയെ നേര്‍വഴിക്ക് കൊണ്ടുവരണമെങ്കില്‍ ആദ്യം ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഗ്യാനേഷ് ഒരിടത്തും പോകില്ലെന്നാണ് അമിത് ഷാ പറയുന്നത്. എന്നാല്‍ ഗ്യാനേഷിന് ശേഷം നടപടി നേരിടേണ്ടി വരിക മോദിയും അമിത് ഷായുമായിരിക്കുമെന്നും ഇരുവരുടെയും കളി ഉടന്‍ അവസാനിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം, മോദിയോ അമിത് ഷായോ ഗ്യാനേഷ് കുമാറോ തങ്ങളുടെ വ്യക്തിപരമായ ശത്രുക്കളല്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പൗരന്മാരുടെ അവകാശ സംരക്ഷണം മാത്രമാണ് പ്രധാനം. രാജ്യത്തിന്റെ ആത്മാവിനെ ആക്രമിക്കുന്നവരെയും ജനാധിപത്യം തകര്‍ക്കുന്നവരെയും ശക്തമായി എതിര്‍ക്കും. ശത്രുത പുലര്‍ത്തുന്നത് തങ്ങളുടെ ധര്‍മ്മമല്ലെന്നും അത് തന്നെയാണ് ‘ഇന്ത്യ’ സഖ്യവും ബിജെപിയും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!