വിനിപെഗ്: മാനിറ്റോബ പ്രവിശ്യയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥികള്‍ക്ക് ചരിത്രവിജയം. മത്സരിച്ച 339 വനിതകളില്‍ 213 പേരും തിരഞ്ഞെടുക്കപ്പെട്ട് ഭരണസമിതികളില്‍ ഇടംപിടിച്ചു. ആകെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ 25 ശതമാനത്തോളം വനിതകളാണ്; 2022-ല്‍ ഇത് 20 ശതമാനമായിരുന്നു. പ്രവിശ്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വനിതാ പ്രാതിനിധ്യമാണിതെന്ന് അസോസിയേഷന് ഓഫ് മാനിറ്റോബ മുന്‍സിപ്പാലിറ്റീസ് (AMM) സ്ഥിരീകരിച്ചു. പ്രധാന നഗരമായ വിന്നിപെഗിലെ 15 കൗണ്‍സിലര്‍ പദവികളില്‍ ഏഴെണ്ണത്തിലും വനിതകളാണ് ജയിച്ചുകയറിയത്. 1972-ലെ യൂണിസിറ്റി ഏകീകരണത്തിന് ശേഷം ഇത്രയധികം വനിതകള്‍ കൗണ്‍സിലിലെത്തുന്നത് ആദ്യമായാണ്.
വനിതകളെ രാഷ്ട്രീയത്തിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനായി AMM നടത്തിയ ഇടപെടലുകളും ‘ഹെര്‍ സീറ്റ് അറ്റ് ദി ടേബിള്‍’ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളുമാണ് ഈ നേട്ടത്തിന് പിന്നില്‍. ബ്രാന്‍ഡന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ആസൂത്രക ട്രേസി ബേക്കര്‍ സ്ഥാപിച്ച ഈ സംഘടന, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സഹായങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും വനിതകള്‍ക്ക് നല്കിവരുന്നു. ബ്രാന്‍ഡന്‍ കൗണ്‍സിലിലേക്ക് ഈ സംഘടനയുടെ പിന്തുണയോടെ മത്സരിച്ച നാല് പേരില്‍ ഒരാള്‍ വിജയിച്ചു. കൃത്യമായ ബോധവത്കരണത്തിലൂടെയും പരിശീലനത്തിലൂടെയും അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വനിതകളെ ജനപ്രതിനിധികളാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

തിരഞ്ഞെടുപ്പില്‍ മുന്‍ മേയര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പരാജയപ്പെട്ടപ്പോള്‍ പുതിയ വനിതാ നേതാക്കള്‍ മേയര്‍ പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സെന്റ് ക്ലെമന്റില്‍ റോസലി ഡ്രൈസ്ഡേലും സ്പ്രിംഗ്ഫീല്‍ഡില്‍ മെലിന്‍ഡ വാറനും കന്നി വിജയം നേടി മേയര്‍മാരായി. പോര്‍ട്ടേജ് ലാ പ്രേരിയില്‍ ഷാരിലിന് നോക്സും കില്ലാര്‍ണി-ടര്‍ട്ടില്‍ മൗണ്ടനില്‍ ജാനിസ് സ്മിത്തും മേയര്‍ സ്ഥാനം നിലനിര്‍ത്തി. അതേസമയം സെന്റ് ക്ലെമന്റിലെ ഡെബി ഫീബല് കോണ്‍, ഈസ്റ്റ് സെന്റ് പോളിലെ കര്‍ല ഡെവ്ലിന്, വെര്ഡനിലെ ടിന വില്യംസ്, തോംസണിലെ കൊളീന്‍ സ്മൂക്ക്, ടു ബോര്‍ഡേഴ്സിലെ സാന്‍ഡ്ര ക്ലോഷ് എന്നീ മുന്‍ മേയര്‍മാര്‍ക്ക് ഇത്തവണ സീറ്റ് നഷ്ടമായി.
കഴിഞ്ഞ തവണത്തേക്കാള്‍ ഉയര്‍ന്ന വോട്ടിംഗ് ശതമാനമാണ് ഇത്തവണ മാനിറ്റോബയിലുടനീളം രേഖപ്പെടുത്തിയത്. 2022-ല്‍ 7,31,000 ആളുകള്‍ വോട്ട് രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ 8,27,000-ത്തിലധികം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. സ്ഥാനാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി; 2022-ല്‍ 1,380 പേര് മത്സരിച്ചപ്പോള്‍ ഇത്തവണ 1,419 പേരാണ് ജനവിധി തേടിയത്. മാറിചിന്തിക്കാന്‍ വോട്ടര്‍മാര്‍ തയാറായതാണ് വലിയൊരു വിഭാഗം പുതിയ മുഖങ്ങള്‍ ഭരണസമിതിയിലെത്താന് കാരണമായതെന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മേയര്‍ ജാനിസ് സ്മിത്ത് വിലയിരുത്തി.
