കാല്‍ഗറി: സ്‌കൂള്‍ റിപ്പോര്‍ട്ട് കാര്‍ഡുകള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങി ആല്‍ബര്‍ട്ട വിദ്യാഭ്യാസ മന്ത്രി. നിലവില്‍ ആല്‍ബര്‍ട്ടയില്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റും ക്ലാസും അനുസരിച്ച് കുട്ടികളുടെ റിപ്പോര്‍ട്ട് കാര്‍ഡിലെ പ്രകടന വിലയിരുത്തല്‍ വ്യത്യസ്ത രീതികളിലാണ് നല്‍കിവരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് കാര്‍ഡുകള്‍ കൂടുതല്‍ സുതാര്യവും ലളിതവുമാക്കാനുള്ള പ്രാരംഭ നടപടികള്‍ക്ക് ആല്‍ബര്‍ട്ട സര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞു. സംസ്ഥാനത്തുടനീളം റിപ്പോര്‍ട്ട് കാര്‍ഡുകളും മൂല്യനിര്‍ണ്ണയ രീതികളും ഏകീകരിക്കുന്നതിനായുള്ള നിയമനിര്‍മ്മാണത്തിന് വിദ്യാഭ്യാസമന്ത്രിക്ക് അധികാരം നല്‍കുന്ന ബില്‍ വ്യാഴാഴ്ച അവതരിപ്പിച്ചു.
നിലവിലെ റിപ്പോര്‍ട്ട് കാര്‍ഡ് രീതികളില്‍ കാല്‍ഗറിയിലെ വെസ്റ്റ് റിഡ്ജ് മിഡില്‍ സ്‌കൂളിലെ രക്ഷിതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. ചെറിയ ക്ലാസുകളിലെ മൂല്യനിര്‍ണ്ണയം വ്യക്തമാണെങ്കിലും, മിഡില്‍ സ്‌കൂളിലേക്ക് എത്തുമ്പോള്‍ കുട്ടികളുടെ പഠനനിലവാരത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളുടെ കുറവുണ്ടെന്ന് ചില രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.

‘മൂന്ന് അല്ലെങ്കില്‍ നാലാം ക്ലാസിന് ശേഷം ഓരോ വിഷയത്തിനും കൃത്യമായ ശതമാനം (percentage) നല്‍കുന്നതാണ് കൂടുതല്‍ വ്യക്തത നല്‍കുക,’ ഏഴും രണ്ടും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ പിതാവായ റാഫേല്‍ ലിയാവോ പറഞ്ഞു. ‘ഓരോ വിഷയത്തിലും കുട്ടിക്ക് ലഭിക്കുന്ന സ്‌കോര്‍ എത്രയാണെന്നും ക്ലാസിലെ മറ്റ് കുട്ടികളുടെ ശരാശരി നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ അവന്‍ ഏത് സ്ഥാനത്താണെന്നും അറിയാനാണ് ഒരു രക്ഷിതാവ് എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നത്.’
മാതാപിതാക്കളുടെ ഈ ആശങ്കകളും അഭിപ്രായങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനായി സി.ബി.സി ന്യൂസ് ജനങ്ങളില്‍ നിന്ന് പ്രതികരണങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. കുട്ടികളുടെ റിപ്പോര്‍ട്ട് കാര്‍ഡുകളില്‍ മാതാപിതാക്കള്‍ എന്താണ് കൂടുതല്‍ അഭിനന്ദിക്കുന്നത്, എന്തിലാണ് അതൃപ്തിയുള്ളത്, എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ വീഡിയോ ചാറ്റ് ടൂള്‍ വഴിയോ അല്ലെങ്കില്‍ സി.ബി.സി പ്രൊഡ്യൂസര്‍ എലീസ് സ്റ്റോള്‍ട്ടിന്റെ ഇമെയില്‍ വിലാസമായ elise.stolte@cbc.ca വഴിയോ പങ്കുവെക്കാവുന്നതാണ്.
