സ്റ്റോക്കോം: സ്വീഡന്, ബെല്‍ജിയം, ലക്സംബര്‍ഗ്, എസ്തോണിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളെ ലക്ഷ്യമിട്ടു വന്‍ സൈബര്‍ ആക്രമണം. ഫ്രീസറുകളുടെയും ഫ്രിജുകളുടെയും പ്രവര്‍ത്തനത്തെ ഡിജിറ്റലായി തടസ്സപ്പെടുത്തി താപനില കുത്തനെ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് സ്റ്റോറുകളില്‍ സൂക്ഷിച്ചിരുന്ന വന്‍തോതിലുള്ള ഭക്ഷ്യവസ്തുക്കള്‍ നശിച്ചു. കഴിഞ്ഞ മാസം ഫ്രാന്‍സിലെ നൂറുകണക്കിനു സൂപ്പര്‍മാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും സമാനമായ രീതിയില്‍ ഹാക്കര്‍മാര്‍ ആക്രമണം നടത്തിയിരുന്നു.
സ്വീഡനിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഐസിഎ (ICA) ഗ്രൂപ്പിന്റെ പരിമിതമായ എണ്ണം സ്റ്റോറുകളെ ആക്രമണം ബാധിച്ചതായി കമ്പനി വക്താവ് സ്ഥിരീകരിച്ചു. ചില കേന്ദ്രങ്ങളില്‍ ഫ്രീസറുകളിലെ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതായും കമ്പനി വ്യക്തമാക്കി.

ബെല്‍ജിയം, ലക്സംബര്‍ഗ് എന്നിവിടങ്ങളില്‍ ‘ഡെല്‍ഹൈസ്’ ശൃംഖലയ്ക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണം മൂലം സ്റ്റോറുകളില്‍ ഭക്ഷ്യ ഉല്പന്നങ്ങളുടെ ലഭ്യതയില്‍ വലിയ കുറവുണ്ടായി. ബെല്‍ജിയത്തിലെ ‘കാര്‍ഫൂര്‍’ സൂപ്പര്‍മാര്‍ക്കറ്റുകളെയും ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടു.
അതേസമയം, എസ്തോണിയയില്‍ ‘കിറ്റ്മാന് കോള്ഡ്ടെക്’ കമ്പനിക്ക് നേരെയാണ് ആക്രമണ ശ്രമമുണ്ടായത്. എന്നാല്‍ താപനില വര്‍ധിച്ചത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സാങ്കേതിക വിഭാഗം തിരിച്ചറിഞ്ഞു നിയന്ത്രണവിധേയമാക്കിയതിനാല്‍ വന്‍ നാശനഷ്ടം ഒഴിവാക്കാനായെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
