Tuesday, November 3, 2026

കാലിഫോര്‍ണിയയിലെ 20,000 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണരുതെന്ന് ട്രംപ്; ഹര്‍ജി തള്ളി U.S സുപ്രീം കോടതി

കാലിഫോര്‍ണിയ: അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായി സുപ്രീം കോടതിയുടെ നിര്‍ണായക വിധി. കാലിഫോര്‍ണിയയിലെ 20,000 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണരുതെന്ന ട്രംപിന്റെയും ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ആവശ്യം കോടതി അടിയന്തരമായി തള്ളിക്കളഞ്ഞു. വോട്ട് ചെയ്ത 20,000 പേര്‍ അമേരിക്കന്‍ പൗരരല്ലെന്നായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍, കൃത്യമായ തെളിവുകളില്ലാത്ത ഇത്തരം നടപടികള്‍ ആയിരക്കണക്കിന് നിരപരാധികളുടെ വോട്ടവകാശം നിഷേധിക്കുന്നതിനും തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നതിനും കാരണമാകുമെന്ന് കോടതി വിലയിരുത്തി.

കോണ്‍ഗ്രസിലെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കടുത്ത പോരാട്ടം നടത്തുന്നതിനിടയിലാണ് ഈ വിധി വന്നിരിക്കുന്നത്. ഡെമോക്രാറ്റുകളുടെ ശക്തമായ സ്വാധീനമുള്ള കാലിഫോര്‍ണിയയില്‍ യു.എസ്. ജനപ്രതിനിധി സഭയിലേക്കുള്ള 52 സീറ്റുകളാണുള്ളത്. സഭയില്‍ ഭൂരിപക്ഷം നേടാന്‍ ഡെമോക്രാറ്റുകള്‍ക്ക് നാല് സീറ്റുകള്‍ കൂടി അധികമായി ആവശ്യമുണ്ട്. പൗരന്മാരല്ലാത്തവര്‍ വോട്ട് ചെയ്യുന്നുണ്ടെന്നാരോപിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഫെഡറല്‍ ഇടപെടലുകള്‍ ശക്തമാക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനാണ് ഇതിലൂടെ തിരിച്ചടി നേരിട്ടിരിക്കുന്നത്.

പൗരന്മാരല്ലാത്തവര്‍ ഫെഡറല്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യുന്നത് കുറ്റകരമാക്കുന്ന 1996-ലെ യു.എസ്. നിയമം കാലിഫോര്‍ണിയ ലംഘിക്കുന്നുവെന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആരോപണം. എന്നാല്‍, അത്തരം നിയമവിരുദ്ധ വോട്ടുകള്‍ തടയാന്‍ സംസ്ഥാനത്ത് ശക്തമായ സംവിധാനങ്ങളുണ്ടെന്നും, കുറ്റമറ്റതല്ലാത്ത പരിശോധനകളുടെ പേരില്‍ ജനങ്ങളുടെ വോട്ടവകാശം കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്നും കാലിഫോര്‍ണിയ വ്യക്തമാക്കി. സെപ്റ്റംബറില്‍ തപാല്‍ വോട്ടുകള്‍ നിയന്ത്രിക്കാനുള്ള നീക്കവും, അലാസ്‌ക സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയും കോടതികള്‍ നേരത്തെ തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങളെ അട്ടിമറിക്കാനുള്ള ഭരണകൂടത്തിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!