Tuesday, November 3, 2026

‘ട്രംപ് ആവശ്യപ്പെട്ടാലും നെതന്യാഹുവിനൊപ്പം ചേരില്ല’; നിലപാട് കടുപ്പിച്ച് ഗാഡി ഐസൻകോട്ട്

ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ പങ്കാളിയാകില്ലെന്ന് വ്യക്തമാക്കി യഷാർ പാർട്ടി അധ്യക്ഷൻ ഗാഡി ഐസൻകോട്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് ആവശ്യപ്പെട്ടാലും നിലപാടിൽ മാറ്റമുണ്ടാകില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

ഇസ്രയേൽ പൊതുമാധ്യമമായ ‘കാൻ ന്യൂസ്’ ആണ് അടച്ചിട്ട മുറിയിൽ നടന്ന യോഗത്തിലെ ഐസൻകോട്ടിന്റെ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്തത്. ട്രംപ് ക്ഷണിച്ചാൽ അദ്ദേഹത്തെ കാണുമെന്നും എന്നാൽ ഇസ്രയേലിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ വിദേശ ഇടപെടൽ അനുവദിക്കില്ലെന്നും ഐസൻകോട്ട് വ്യക്തമാക്കി.

നെതന്യാഹുവും ഐസൻകോട്ടും ഉൾപ്പെടുന്ന ഐക്യസർക്കാർ രൂപീകരിക്കാൻ ട്രംപിന്റെ പ്രതിനിധികൾ ഇസ്രയേൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഐസൻകോട്ടിന്റെ നിലപാട് ഇത്തരം നീക്കങ്ങൾക്ക് തിരിച്ചടിയായേക്കും.

അതേസമയം, പ്രതിപക്ഷ നേതാക്കളായ നാഫ്താലി ബെന്നറ്റ്, യായിർ ഗോലാൻ, അവിഗ്ദോർ ലീബർമാൻ എന്നിവർ അടുത്ത സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന്റെ പേര് നിർദേശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

120 അംഗ കെനെസ്സറ്റിൽ നെതന്യാഹു സഖ്യത്തിന് 53 സീറ്റും പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റും അറബ് പാർട്ടികൾക്ക് 19 സീറ്റുമാണ് ലഭിച്ചത്. അറബ് പാർട്ടികളുടെ പിന്തുണ സ്വീകരിക്കില്ലെന്ന നിലപാടിൽ പ്രധാന മുന്നണികൾ ഉറച്ചുനിൽക്കുന്നതിനാൽ സർക്കാർ രൂപീകരണം പ്രതിസന്ധിയിലായിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!