Tuesday, November 3, 2026

വെയ്ൻറൈറ്റ് സൈനിക താവളത്തിലെ തീപിടിത്തം: എണ്ണക്കിണറുകൾ സുരക്ഷിതമാക്കിയില്ലെന്ന ആരോപണവുമായി കമ്പനി

എഡ്മിന്റൻ: ആൽബർട്ടയിലെ സിഎഫ്ബി വെയ്ൻറൈറ്റ് സൈനിക താവളത്തിലുണ്ടായ വൻ തീപിടിത്തം പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കുന്നു. അപകടത്തിൽ നാല് സൈനികർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തിന് പിന്നാലെ എണ്ണക്കിണറുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് എണ്ണക്കമ്പനിയും പ്രവിശ്യാ ഊർജ നിയന്ത്രണ അതോറിറ്റിയും തമ്മിലുള്ള തർക്കം ശക്തമായി.

തീപിടിത്തത്തിൽ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്ക് പങ്കില്ലെന്നാണ് സൈനിക അധികൃതരുടെ പ്രാഥമിക വിശദീകരണം. എന്നാൽ തീപിടിത്തത്തിന് ദിവസങ്ങൾക്കുമുമ്പ് നിയന്ത്രണ അതോറിറ്റി പിടിച്ചെടുത്ത നൂറുകണക്കിന് എണ്ണക്കിണറുകൾ സുരക്ഷിതമായി അടച്ചുപൂട്ടിയിരുന്നില്ലെന്നാണ് സുമേറിയൻ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയുടെ ആരോപണം.

ഒക്ടോബർ അഞ്ചിന് ആൽബർട്ട എനർജി റെഗുലേറ്റർ (AER) കമ്പനിയുടെ 300ലധികം കിണറുകളുടെ നിയന്ത്രണം ഓർഫൻ വെൽ അസോസിയേഷന് (OWA) കൈമാറിയിരുന്നു. പ്രവർത്തനത്തിലെ വീഴ്ചകൾ, കുടിശ്ശികയുള്ള ഫീസ്, എണ്ണ ചോർച്ച തുടങ്ങിയ പ്രശ്നങ്ങളാണ് നടപടിക്ക് കാരണമായത്.

ഒക്ടോബർ 17ന് തീപിടിത്തമുണ്ടായ രാത്രിയിൽ കിണറുകൾ തീപിടിത്ത മേഖലയിലാണെന്ന് അധികൃതരെ അറിയിച്ചിരുന്നതായും കമ്പനി പറയുന്നു. എന്നാൽ കിണറുകൾ അടച്ചുപൂട്ടാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം.

അതേസമയം, സൈനിക താവളത്തിലെ സുമേറിയന്റെ എല്ലാ കിണറുകളും പരിശോധിച്ച് അടച്ചുപൂട്ടിയതായി ഓർഫൻ വെൽ അസോസിയേഷൻ അറിയിച്ചു. എന്നാൽ ഈ നടപടി പൂർത്തിയാക്കിയ തീയതി വ്യക്തമാക്കിയിട്ടില്ല.

നിയന്ത്രണ അതോറിറ്റിയുടെ നടപടിക്കെതിരെ നിയമപരമായ അപ്പീൽ നൽകാനും കോടതിയെ സമീപിക്കാനും കമ്പനി ഒരുങ്ങുകയാണ്. സംഭവത്തിൽ ഊർജ മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക അവലോകനം വേണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, തീപിടിത്തത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മൂന്ന് വ്യത്യസ്ത അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. സൈനിക പരിശീലനത്തിനിടെ ഗ്രനേഡ് ലോഞ്ചർ പരിശീലന മേഖലയിലാണ് തീപിടിത്തമുണ്ടായതെന്നും ശക്തമായ കാറ്റിൽ തീ വേഗത്തിൽ പടർന്നതാണെന്നുമാണ് അധികൃതരുടെ വിശദീകരണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!