വാഷിങ്ടണ്‍: യു.എസ് ഇടക്കാല (മിഡ്ടേം) തിരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷവും മറികടന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി മികച്ച മുന്നേറ്റം നടത്തുന്നതിനിടെ പുതിയ ചരിത്രമെഴുതാന്‍ പാര്‍ട്ടി നേതാവ് ഹക്കീം ജെഫ്രീസ്. ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം ഉറപ്പിച്ചതോടെ, അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി സഭയുടെ സ്പീക്കര്‍ പദവിയിലെത്തുന്ന കറുത്തവര്‍ഗ്ഗക്കാരനാകാന്‍ ഒരുങ്ങുകയാണ് ജെഫ്രീസ്.
അമേരിക്കയില്‍ പ്രസിഡന്റ് പദവിയോളം പ്രധാന്യമുള്ളതാണ് ജനപ്രതിനിധി സഭയിലെ സ്പീക്കര്‍ സ്ഥാനം. യു.എസ് ഭരണഘടന അനുശാസിക്കുന്ന കോണ്‍ഗ്രസിലെ ഏക ഭരണഘടനാപരമായ നേതൃപദവിയും ഇതാണ്. എല്ലാ വര്‍ഷവും ജനുവരി മൂന്നിന് പുതിയ കോണ്‍ഗ്രസ് സമ്മേളിക്കുമ്പോഴാണ് സഭ ചേരുകയും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക വോട്ടെടുപ്പ് നടത്തുകയും ചെയ്യുന്നത്.
സഭയിലെ ഡെമോക്രാറ്റിക് അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നതോടെ ജെഫ്രീസ് ഔദ്യോഗികമായി സ്പീക്കറായി തിരഞ്ഞെടുക്കപ്പെടും. 2013 മുതല്‍ ന്യൂയോര്‍ക്കിലെ എട്ടാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നുള്ള പ്രതിനിധിയായ ജെഫ്രീസ്, 2023 മുതല്‍ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രധാന നേതാവായും മൈനോറിറ്റി നേതാവായും പ്രവര്‍ത്തിച്ചുവരികയാണ്.

‘ഈ തിരഞ്ഞെടുപ്പ് വ്യക്തമായ ഒരു മാറ്റത്തിന് വേണ്ടിയുള്ളതാണ്. അമേരിക്കന്‍ ജനത മാറ്റത്തിനായി കാത്തിരിക്കുകയാണെന്ന് ഡെമോക്രാറ്റുകള്‍ തിരിച്ചറിയുന്നു,’ എന്ന് തിരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ച് ജെഫ്രീസ് പ്രതികരിച്ചു. 1970 ഓഗസ്റ്റ് നാലിന് ന്യൂയോര്‍ക്കിലെ ബ്രൂക്ലിനില്‍ ജനിച്ച ഹക്കീം ജെഫ്രീസ് മുന്‍പ് അഭിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ കൈവരിച്ച ഈ ആധിപത്യം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം, വോട്ടര്‍മാരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനുള്ള വലിയ ഉത്തരവാദിത്തവും ജെഫ്രീസിന് മുന്നിലുണ്ട്.
ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുക, ആരോഗ്യ സംരക്ഷണ ചെലവുകള്‍ നിയന്ത്രിക്കുക, ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ ക കര്‍ശനമായ മേല്‍നോട്ടവും അന്വേഷണങ്ങളും നടപ്പിലാക്കുക എന്നീ നിര്‍ണ്ണായക കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള 100 ദിവസത്തെ കര്‍മ്മപദ്ധതിയാണ് ഡെമോക്രാറ്റിക് നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്.
