Friday, November 6, 2026

സമൂഹ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം; IT നിയമത്തിൽ സമഗ്ര ഭേദഗതിക്ക് നീക്കം

ഡൽഹി: സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനത്തിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ ഐടി നിയമങ്ങളിൽ സമഗ്രമായ ഭേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ. 2000ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിൽ മാറ്റം വരുത്തി സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾക്കുള്ള നിലവിൽ ലഭിക്കുന്ന നിയമപരമായ സംരക്ഷണം പരിമിതപ്പെടുത്താനാണ് നീക്കം. ഓൺലൈൻ ഉള്ളടക്കങ്ങളുടെ പ്രചാരണത്തിലും നിയന്ത്രണത്തിലും പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തം വർധിപ്പിക്കുകയാണ് ലക്ഷ്യം.

പ്രതിപക്ഷത്തിന്റെയും സർക്കാരിനെതിരായതുമായ പ്രചാരണങ്ങൾക്ക് സമൂഹ മാധ്യമങ്ങളിലെ അൽഗോരിതങ്ങൾ കൂടുതൽ പ്രചാരം നൽകുന്നുവെന്ന ആശങ്കയാണ് പുതിയ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. സമൂഹ മാധ്യമങ്ങൾ വെറും സന്ദേശങ്ങൾ കൈമാറുന്ന സംവിധാനങ്ങളല്ലെന്നും ഉപയോക്താക്കൾ എന്ത് കാണണമെന്ന് തീരുമാനിക്കുന്ന അൽഗോരിതങ്ങൾ രൂപപ്പെടുത്തുന്നതിലും അവയ്ക്ക് നിർണായക പങ്കുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ നിലപാടെന്നാണ് റിപ്പോർട്ട്.

ജൂലൈയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ ഓൺലൈൻ പിന്തുണയും പ്രചാരണവും ഏകോപിപ്പിക്കുന്നതിൽ ഇൻസ്റ്റഗ്രാം വഹിച്ച പങ്കും നിയന്ത്രണങ്ങൾ ശക്തമാക്കാനുള്ള ചർച്ചകളിൽ സ്വാധീനം ചെലുത്തിയതായാണ് സൂചന.

പ്രധാനമന്ത്രിയുടെ വീഡിയോ മെറ്റ നീക്കം ചെയ്ത സംഭവവും സമൂഹ മാധ്യമ നിയന്ത്രണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇടംപിടിച്ചിട്ടുണ്ട്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ പ്ലാറ്റ്‌ഫോമുകൾ പരാജയപ്പെടുന്നുവെന്ന പരാതികൾ, ഡീപ്‌ഫെയ്ക്ക് ഉള്ളടക്കങ്ങളുടെ വ്യാപനം, ഇന്ത്യൻ നിയമങ്ങൾ പാലിക്കുന്നതിലെ വീഴ്ചകൾ എന്നിവയും കേന്ദ്രത്തിന്റെ ആശങ്കകളിൽ ഉൾപ്പെടുന്നു.

ബിജെപി എംപി നിഷികാന്ത് ദുബെയുടെ അധ്യക്ഷതയിലുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയും സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കൂടുതൽ കർശനമായ നടപടികൾ വേണമെന്ന നിലപാട് മുന്നോട്ടുവെച്ചിട്ടുണ്ട്.

നിലവിലെ നിയമപ്രകാരം മൂന്നാം കക്ഷികൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ പേരിൽ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് ചില സാഹചര്യങ്ങളിൽ നിയമപരമായ സംരക്ഷണം ലഭിക്കുന്നുണ്ട്. ഐടി ആക്ടിലെ സെക്ഷൻ 79 പ്രകാരമുള്ള ഈ സംരക്ഷണത്തിൽ മാറ്റം വരുത്തിയാൽ ഉപയോക്താക്കൾ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങളുടെ പേരിൽ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തം വർധിച്ചേക്കാം.

പുതിയ ഭേദഗതി നടപ്പിലായാൽ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിലും നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിലും പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ ബാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!