ഓട്ടവ: പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ രണ്ടാമത്തെ ഫെഡറല്‍ ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കും. ധനകാര്യ, ദേശീയ വരുമാന മന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ന്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഫെഡറല്‍ ബജറ്റ് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ 20 മാസങ്ങളില്‍ കനേഡിയന്‍ സാമ്പത്തിക വ്യവസ്ഥയുടെ വളര്‍ച്ച മുന്നില്‍ കണ്ടുള്ള പരിഷ്കാരങ്ങള്‍ക്കാണ് കാര്‍ണി മുന്‍ഗണന നല്‍കിയത്. സാമ്പത്തിക മുന്നേറ്റം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വിശദമായ പദ്ധതികള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി ഫ്രാന്‍സ്വാ-ഫിലിപ്പ് ഷാമ്പെയ്ന്‍ വ്യക്തമാക്കി.
‘നാം വളര്‍ച്ചയിലും ബിസിനസുകളിലും ഒപ്പം രാജ്യത്തിന്റെ പരമാധികാരത്തിലും നിക്ഷേപം നടത്തേണ്ടതുണ്ട്. കാനഡ തങ്ങളുടെ ഭാവി സ്വന്തമായി നിര്‍ണ്ണയിക്കുന്നവരായി മാറുന്നത് എങ്ങനെയെന്ന് ഈ ബജറ്റ് വ്യക്തമാക്കും,’ ബജറ്റ് അവതരണത്തിന് മുന്നോടിയായി പുതിയ ഷൂസ് നിര്‍മ്മിക്കുന്ന പരമ്പരാഗത ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ഷാമ്പെയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കാനഡയുടെ ജി.ഡി.പി (GDP) അടുത്ത വര്‍ഷം ഏകദേശം രണ്ട് ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ബാങ്ക് ഓഫ് കാനഡയും ഐ.എം.എഫും (IMF) പ്രവചിക്കുന്നുണ്ട്. വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കും കമ്പനികള്‍ക്ക് നല്കുന്ന നികുതി ഇളവുകളും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാന്‍ സഹായിച്ചിട്ടുണ്ട്. വ്യാവസായിക പദ്ധതികളില്‍ വ്യക്തിഗത നിക്ഷേപകര്‍ക്ക് പങ്കാളികളാകാന്‍ അവസരമൊരുക്കുന്ന ‘കാനഡ ഗ്രോത്ത് ഫണ്ട്’ സംബന്ധിച്ച വിശദാംശങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, ജീവിതച്ചെലവ് ഉയരുന്നത് കനേഡിയന്‍ ജനതയെ വലിയ തോതില്‍ ബാധിക്കുന്നുണ്ടെന്നും ഇതിനെതിരെ അടിയന്തര നടപടികള്‍ ആവശ്യമെന്നുമുള്ള തിരിച്ചറിവിലാണ് സര്‍ക്കാര്‍. കഴിഞ്ഞ സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം വേതനത്തില്‍ 2.3 ശതമാനം വര്‍ധനവുണ്ടായെങ്കിലും ഉപഭോക്തൃ വിലക്കയറ്റം 3 ശതമാനമായി ഉയര്‍ന്നത് ജനങ്ങള്‍ക്ക് തിരിച്ചടിയായി. കൂടാതെ, ഭവന വില നിയന്ത്രിക്കുന്നതിനായി താത്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വരാനിരിക്കുന്ന രണ്ട് വര്‍ഷത്തെ കുടിയേറ്റ ലക്ഷ്യങ്ങളും ബജറ്റില്‍ പ്രഖ്യാപിക്കും.
