Thursday, November 5, 2026

കാനഡയില്‍ കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്ന് ജനങ്ങള്‍: നാനോസ് സര്‍വേ

ഓട്ടവ: കാനഡയില്‍ അടുത്ത വര്‍ഷം സ്വീകരിക്കുന്ന കുടിയേറ്റക്കാരുടെയും താല്‍ക്കാലിക താമസക്കാരുടെയും എണ്ണം വെട്ടിച്ചുരുക്കണമെന്ന് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതായി പുതിയ സര്‍വേ ഫലം. ഭവനം, പൊതുസേവനങ്ങള്‍, സാമ്പത്തിക മേഖല എന്നിവയിലുണ്ടാകുന്ന സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനായി കുടിയേറ്റ നിരക്കില്‍ മാറ്റം വരുത്തണമെന്ന് ആവശ്യമുയരുന്നതിനിടെയാണ് നാനോസ് റിസര്‍ച്ച് (Nanos Research) സര്‍വേ വിവരങ്ങള്‍ പുറത്തുവിട്ടത്.

സര്‍വേയില്‍ പങ്കെടുത്ത 52.3 ശതമാനം പേരും 2027-ല്‍ കാനഡ കുറഞ്ഞ എണ്ണം കുടിയേറ്റക്കാരെയും താല്‍ക്കാലിക താമസക്കാരെയും മാത്രമേ സ്വീകരിക്കാവൂ എന്ന് അഭിപ്രായപ്പെട്ടു. നിലവിലെ എണ്ണം മാറ്റമില്ലാതെ തുടരണമെന്ന് 33.5 ശതമാനം പേര്‍ വ്യക്തമാക്കിയപ്പോള്‍, കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടത് 8.4 ശതമാനം പേര്‍ മാത്രമാണ്. 5.9 ശതമാനം പേര്‍ വിഷയത്തില്‍ വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തിയില്ല.

2026-ല്‍ 3,80,000 പുതിയ സ്ഥിരതാമസക്കാരെയും (Permanent Residents), തൊഴിലാളികളും വിദ്യാര്‍ത്ഥികളു അടങ്ങുന്ന 3,85,000 താല്‍ക്കാലിക താമസക്കാരെയും (Temporary Residents) സ്വീകരിക്കാനാണ് കാനഡ നിലവില്‍ ലക്ഷ്യമിടുന്നത്. ഒക്ടോബര്‍ 31 നും നവംബര്‍ 2 നും ഇടയില്‍ നടത്തിയ സര്‍വേയിലാണ് ഭാവി കുടിയേറ്റ നയങ്ങളെക്കുറിച്ച് കനേഡിയന്‍ ജനതയുടെ നിലപാട് വ്യക്തമായത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നടത്തിയ സമാനമായ സര്‍വേയിലും 52 ശതമാനം പേര്‍ എണ്ണം കുറയ്ക്കണമെന്ന് തന്നെയാണ് അഭിപ്രായപ്പെട്ടിരുന്നത്.

രാജ്യത്തിന്റെ വിവിധ മേഖലകളിലും പ്രായോഗിക തലങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടമാണ്. പ്രേരിസ് (Prairies) മേഖലയിലുള്ളവരാണ് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ടത് (58.3%). ഒന്റാറിയോയില്‍ 53.5 ശതമാനവും ക്യുബെക്കില്‍ 53.1 ശതമാനവും ആളുകള്‍ ഈ നിലപാടിനെ പിന്തുണച്ചു. അതേസമയം, ബ്രിട്ടിഷ് കൊളംബിയയില്‍ നിലവിലെ നിരക്ക് മാറ്റമില്ലാതെ തുടരണമെന്ന് അഭിപ്രായപ്പെട്ടവര്‍ 41.2 ശതമാനമാണ്.

35 നും 54 നും ഇടയില്‍ പ്രായമുള്ളവരില്‍ 56.4 ശതമാനം പേരും, 18 നും 34 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ 56 ശതമാനം പേരും കുടിയേറ്റം കുറയ്ക്കണമെന്ന് നിലപാടെടുത്തു. എന്നാല്‍ 55 വയസ്സിന് മുകളിലുള്ളവരില്‍ 46.6 ശതമാനം പേര്‍ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, 38.9 ശതമാനം പേര്‍ നിലവിലെ തോത് നിലനിര്‍ത്താനാണ് താത്പര്യം പ്രകടിപ്പിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!