Saturday, November 7, 2026

നെതന്യാഹുവിന് കനത്ത തിരിച്ചടി; ഇസ്രയേലില്‍ ഗാദി ഐസന്‍കോട്ട് പ്രധാനമന്ത്രിയായേക്കും

ജെറുസലേം: ഇസ്രയേലില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവമാകുന്നു. യാഷര്‍ പാര്‍ട്ടി നേതാവ് ഗാദി ഐസന്‍കോട്ടിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തേക്കുമെന്ന സൂചന നല്‍കി പ്രസിഡന്റ് ഐസക് ഹെര്‍സോഗ് രംഗത്തെത്തി. 120 അംഗ പാര്‍ലമെന്റില്‍ 67 പേരുടെ ഭൂരിപക്ഷം ഐസന്‍കോട്ട് ഉറപ്പാക്കിയിട്ടുണ്ടെന്ന് ഹെര്‍സോഗ് വ്യക്തമാക്കി. അതേസമയം, മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് 46 അംഗങ്ങളുടെ പിന്തുണ മാത്രമാണ് നേടാനായത്.

സര്‍ക്കാരുണ്ടാക്കാന്‍ ഐസന്‍കോട്ടിനെ ക്ഷണിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച ഉണ്ടായേക്കും. പാര്‍ട്ടി നേതാക്കളുമായി നടത്തുന്ന തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ഹെര്‍സോഗ് പറഞ്ഞു. ബാക്കിയുള്ള നേതാക്കളുമായി നേരിട്ട് സംസാരിച്ച് എത്രയും വേഗം കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ നടന്ന ഇസ്രയേല്‍ തിരഞ്ഞെടുപ്പില്‍ നെതന്യാഹു സഖ്യം 53 സീറ്റുകളും ഐസന്‍കോട്ട് സഖ്യം 48 സീറ്റുകളും നേടിയിരുന്നു. 19 സീറ്റുകളാണ് അറബ് പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. ഇതില്‍ അറബ് പാര്‍ട്ടികള്‍ ഐസന്‍കോട്ടിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അദ്ദേഹത്തിന് ഭൂരിപക്ഷം ലഭിച്ചത്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കിടെ ഹെര്‍സോഗിന് മുന്നില്‍ ഐസന്‍കോട്ടിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുമെന്ന് വ്യാഴാഴ്ച അറബ് പാര്‍ട്ടികള്‍ വ്യക്തമാക്കിയിരുന്നു. നവംബര്‍ പത്തിനാണ് പുതിയ ഇസ്രയേല്‍ പാര്‍ലമെന്റ് ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!