അബുദാബി: യുഎഇയിലെ ട്രാഫിക് നിയമങ്ങളിൽ 2027 ജനുവരി ഒന്ന് മുതൽ നിർണായക മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാഹന രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ്, കുട്ടികളുടെ സുരക്ഷ, ഇലക്ട്രിക് സ്കൂട്ടർ ഉപയോഗം, പ്രൊഫഷണൽ ഡ്രൈവർമാരുടെ ജോലി സമയം തുടങ്ങി വിവിധ മേഖലകളിലാണ് പുതിയ ഫെഡറൽ ട്രാഫിക് നിയമം മാറ്റങ്ങൾ കൊണ്ടുവരുന്നത്.
വ്യക്തികൾക്ക് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തുന്നതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. പുതിയ നിയമപ്രകാരം രണ്ടിൽ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുമ്പോഴും പുതുക്കുമ്പോഴും അധിക ഫീസ് നൽകേണ്ടിവരും. എന്നാൽ ഈ ഫീസ് എത്രയായിരിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഡ്രൈവിങ് സമയം ഒമ്പത് മണിക്കൂറായി പരിമിതപ്പെടുത്തും
ഡ്രൈവർമാർക്ക് 24 മണിക്കൂറിനുള്ളിൽ പരമാവധി ഒമ്പത് മണിക്കൂർ മാത്രമേ വാഹനമോടിക്കാൻ അനുവാദമുണ്ടാകൂ. ഡ്രൈവർമാരുടെ ക്ഷീണം കുറയ്ക്കുകയും റോഡ് സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ടാക്സി, ബസ്, ഡെലിവറി സർവീസ് മേഖലകളിലെ ഡ്രൈവർമാർക്കും ഈ വ്യവസ്ഥ ബാധകമാകും.
ഇ-സ്കൂട്ടറിന് കുറഞ്ഞ പ്രായം 15 വയസ്സ്
ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നതിന് കുറഞ്ഞത് 15 വയസ്സ് പൂർത്തിയായിരിക്കണം. ഇ-സ്കൂട്ടർ പെർമിറ്റിന് മൂന്ന് വർഷമായിരിക്കും കാലാവധി. എന്നാൽ ദുബൈയിൽ നിലവിലുള്ള 16 വയസ്സ് എന്ന പ്രായപരിധിയിൽ പുതിയ നിയമം എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്ന് വ്യക്തമല്ല.

ഡെലിവറി റൈഡർമാർക്ക് പുതിയ നിയന്ത്രണങ്ങൾ
ഡെലിവറി ബൈക്കുകളിൽ മറ്റൊരാളെ കൂടെ കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തും. സാധാരണ ബാക്ക്പാക്കുകൾ ഉപയോഗിച്ച് സാധനങ്ങൾ എത്തിക്കുന്നതിനും നിയന്ത്രണമുണ്ടാകും. പകരം അധികൃതർ അംഗീകരിച്ച പ്രത്യേക ഡെലിവറി ബാഗുകൾ ഉപയോഗിക്കണം.
നാല് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചൈൽഡ് സീറ്റ് നിർബന്ധം
നാല് വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്ക് വാഹനങ്ങളിൽ പ്രത്യേക സുരക്ഷാ സീറ്റ് നിർബന്ധമാക്കും. കുട്ടിയുടെ പ്രായം, ഉയരം, ഭാരം എന്നിവയ്ക്ക് അനുയോജ്യമായ സീറ്റായിരിക്കണം ഉപയോഗിക്കേണ്ടത്. സാധാരണയായി വാഹനത്തിന്റെ പിൻസീറ്റിലാണ് ഇത് ഘടിപ്പിക്കേണ്ടത്.
പ്രത്യേക ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികൾക്ക് ഔദ്യോഗിക മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇളവ് ലഭിക്കും. എന്നാൽ കുട്ടിക്കൊപ്പം മറ്റൊരാൾ പിൻസീറ്റിൽ ഉണ്ടായിരിക്കണം. പിൻസീറ്റില്ലാത്ത വാഹനങ്ങളിൽ മുൻസീറ്റിൽ സുരക്ഷാ സീറ്റ് ഘടിപ്പിക്കാമെങ്കിലും എയർബാഗ് പ്രവർത്തനരഹിതമാക്കണം.
വാഹന രജിസ്ട്രേഷൻ കാലാവധി രണ്ട് വർഷമാക്കാം
ലൈറ്റ് വാഹനങ്ങളുടെ രജിസ്ട്രേഷൻ കാലാവധി രണ്ട് വർഷമായി നീട്ടുന്നതിനും പുതിയ നിയമം അവസരം നൽകുന്നുണ്ട്. വാഹന ഉടമയുടെ അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കണം. ആദ്യ രജിസ്ട്രേഷൻ സമയത്ത് വാഹനം പുതിയതായിരിക്കണം. കൂടാതെ നിർമാണ തീയതി മുതൽ ആറ് വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകാനും പാടില്ല.
പത്ത് വർഷം പഴക്കമുള്ള കാലഹരണപ്പെട്ട ലൈസൻസിന് പരീക്ഷ
പത്ത് വർഷത്തിലേറെയായി കാലാവധി കഴിഞ്ഞ യുഎഇ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ആഗ്രഹിക്കുന്നവർ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ വിജയിക്കണം. എന്നാൽ തുടക്കക്കാരെപ്പോലെ വീണ്ടും മുഴുവൻ ഡ്രൈവിങ് കോഴ്സ് പഠിക്കണമെന്നോ നിശ്ചിത മണിക്കൂറുകൾ പരിശീലനം നേടണമെന്നോ നിർബന്ധമില്ല.
ലേണേഴ്സ് പെർമിറ്റിന് ആറ് മാസം കാലാവധി
പുതിയ നിയമപ്രകാരം ലേണേഴ്സ് ഡ്രൈവിങ് പെർമിറ്റിന്റെ കാലാവധി മൂന്ന് മാസത്തിൽ നിന്ന് ആറ് മാസമായി ഉയരും. ആവശ്യമെങ്കിൽ പെർമിറ്റ് പുതുക്കാനും സാധിക്കും.
യുഎഇയിലെ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും പ്രവാസികൾക്കും ഒരുപോലെ ബാധകമാകുന്ന മാറ്റങ്ങളാണ് പുതിയ നിയമത്തിലുള്ളത്. 2027 ജനുവരി ഒന്നിന് നിയമം പ്രാബല്യത്തിൽ വരുന്നതോടെ പുതിയ വ്യവസ്ഥകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ.
