Monday, November 9, 2026

കാനഡ വർക്കേഴ്‌സ് ബെനിഫിറ്റിൽ വൻ വർധനവ്

ഓട്ടവ: കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് കൂടുതൽ സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനായി കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് (CWB) പദ്ധതിയിൽ വർധനവ് പ്രഖ്യാപിച്ച് കനേഡിയൻ ഫെഡറൽ സർക്കാർ. നവംബർ 5-ന് അവതരിപ്പിച്ച ഫെഡറൽ ബജറ്റിലാണ് പദ്ധതി വിപുലീകരിക്കാനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2027 സാമ്പത്തിക വർഷം മുതൽ പുതിയ മാറ്റങ്ങൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

പുതുക്കിയ പദ്ധതി ‘ബിൽഡ് കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ്’ (Build Canada Workers Benefit – BCWB) എന്ന പേരിലായിരിക്കും അറിയപ്പെടുക. പുതിയ നിർദേശപ്രകാരം വ്യക്തികൾക്ക് ലഭിക്കുന്ന പരമാവധി വാർഷിക ആനുകൂല്യം 1,709 കനേഡിയൻ ഡോളറിൽനിന്ന് 1,859 ഡോളറായി ഉയരും. കുടുംബങ്ങൾക്കുള്ള പരമാവധി ആനുകൂല്യം 2,943 ഡോളറിൽനിന്ന് 3,143 ഡോളറായും വർധിപ്പിക്കും. സാധാരണ പണപ്പെരുപ്പ ക്രമീകരണങ്ങൾക്ക് പുറമേയാണ് ഈ അധിക വർധനവ്.

കുറഞ്ഞ വരുമാന പരിധിയിൽ ഇളവ്

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള കുറഞ്ഞ തൊഴിൽ വരുമാന പരിധി 3,000 ഡോളറിൽ നിന്ന് 500 ഡോളറായി കുറയ്ക്കാനും നിർദേശമുണ്ട്. ഇതോടെ ഏകദേശം 1.8 ലക്ഷം അധിക തൊഴിലാളികൾക്ക് പദ്ധതിയുടെ പരിധിയിൽ വരാൻ സാധിക്കും.

ഭിന്നശേഷിക്കാരായ തൊഴിലാളികൾക്കുള്ള ഡിസെബിലിറ്റി സപ്ലിമെന്റിന്റെ കുറഞ്ഞ വരുമാന യോഗ്യതാ പരിധിയും 1,150 ഡോളറിൽ നിന്ന് 200 ഡോളറായി കുറയ്ക്കും. പുതിയ മാറ്റങ്ങളിലൂടെ കുറഞ്ഞ വരുമാനമുള്ള ചില തൊഴിലാളികൾക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് 675 മുതൽ 1,000 ഡോളർ വരെ അധിക ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

അഡ്വാൻസ് പേയ്‌മെന്റ് രീതിയിലും മാറ്റം

ആനുകൂല്യത്തുക വർധിപ്പിക്കുമ്പോഴും പണം വിതരണം ചെയ്യുന്ന രീതിയിൽ മാറ്റം കൊണ്ടുവരാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

2027 ജൂലൈ മുതൽ മുൻവർഷത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന അഡ്വാൻസ് പേയ്‌മെന്റ് 50 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുറയ്ക്കും. 2028 സാമ്പത്തിക വർഷം മുതൽ ഈ മുൻകൂർ പേയ്‌മെന്റ് സംവിധാനം പൂർണമായും ഒഴിവാക്കും.

പകരം, തൊഴിലാളികൾ ആദായനികുതി റിട്ടേൺ സമർപ്പിച്ചശേഷം അർഹമായ മുഴുവൻ ആനുകൂല്യവും ഒറ്റത്തവണയായി വിതരണം ചെയ്യുന്ന രീതിയിലേക്ക് മാറും.

ആർക്കൊക്കെ ആനുകൂല്യം ലഭിക്കും?

19 വയസോ അതിൽ കൂടുതലോ പ്രായമുള്ള കനേഡിയൻ നിവാസികൾക്കാണ് പദ്ധതിയുടെ ആനുകൂല്യത്തിന് അർഹതയുണ്ടാകുക. ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഷെഡ്യൂൾ 6 (Schedule 6) കൂടി നൽകേണ്ടതുണ്ട്.

അതേസമയം, നിർദേശിച്ചിരിക്കുന്ന മാറ്റങ്ങൾ പാർലമെന്റിന്റെ അന്തിമ അംഗീകാരത്തിന് വിധേയമായിരിക്കും. അംഗീകാരം ലഭിക്കുന്നതോടെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് കൂടുതൽ സാമ്പത്തിക പിന്തുണ ലഭിക്കുന്ന പദ്ധതിയായി BCWB മാറും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!