ഹാലിഫാക്സ്: എഐ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നോവസ്കോഷയിൽ വ്യാപക പ്രതിഷേധം. ശനിയാഴ്ച കനത്ത മഴയെ അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് വിവിധ നഗരങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. കേപ് ബ്രെട്ടണിലെ പോയിന്റ് ടപ്പറിൽ എഐ ഡാറ്റാ സെന്റർ സ്ഥാപിക്കാനുള്ള എവർവിൻഡ് ഫ്യൂവൽസിന്റെ പദ്ധതിയാണ് പ്രതിഷേധത്തിന് കാരണമായത്.
അമേരിക്കൻ എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ (Anthropic) ചാറ്റ്ബോട്ടായ ക്ലോഡിന് (Claude) ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ഡാറ്റാ സെന്റർ നിർമിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട നിർമാണം അടുത്ത വർഷം ആരംഭിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഏകദേശം 10 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കുന്നത്.
ഹാലിഫാക്സിൽ നൂറുകണക്കിന് ആളുകൾ
പ്രതിഷേധങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തത് ഹാലിഫാക്സിലെ പ്രൊവിൻസ് ഹൗസിന് മുന്നിലായിരുന്നു. ഏകദേശം 200 പേർ കെന്റ്വില്ലിലും 150 പേർ പോർട്ട് ഹോക്സ്ബറിയിലും ട്രൂറോയിലെ സെന്റർ സ്ക്വയറിൽ നിരവധി പേരും പ്രതിഷേധിച്ചു.
പദ്ധതി നടപ്പായാൽ കോർപറേറ്റ് കമ്പനികളുടെ ലാഭത്തിന് പ്രാധാന്യം നൽകുന്ന വികസന മാതൃകയാണ് പ്രവിശ്യയിൽ നടപ്പാകുകയെന്ന് ഇക്കോളജി ആക്ഷൻ സെന്ററിലെ റോവൻ സ്വെയ്ൻ ആശങ്ക പ്രകടിപ്പിച്ചു.
പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും ശുദ്ധജല ലഭ്യതയ്ക്കും ഭീഷണിയാകാതെ സമ്പദ്വ്യവസ്ഥ വളർത്താനുള്ള മറ്റ് മാർഗങ്ങൾ നോവസ്കോഷയ്ക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജലവും വൈദ്യുതിയും പ്രധാന ആശങ്ക
ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൻതോതിലുള്ള ജലവും വൈദ്യുതിയും സംബന്ധിച്ച ആശങ്കകളാണ് പ്രതിഷേധക്കാർ പ്രധാനമായും ഉയർത്തുന്നത്.
തുടക്കത്തിൽ പ്രവിശ്യയിലെ നിലവിലുള്ള വൈദ്യുതി ഗ്രിഡിൽനിന്ന് വൈദ്യുതി ഉപയോഗിക്കാനാണ് എവർവിൻഡ് പദ്ധതിയിടുന്നത്. പിന്നീട് കരയിലെ കാറ്റാടിപ്പാടങ്ങൾ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കാനാണ് ലക്ഷ്യം. കാറ്റാടിപ്പാടങ്ങൾക്ക് ആവശ്യമായ അനുമതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല.
ആദിവാസി വിഭാഗമായ മിക്മാക് (Mi’kmaw) ജനതയുടെ സമ്മതം പദ്ധതിക്ക് ലഭിച്ചിട്ടില്ലെന്ന ആശങ്കയും പ്രതിഷേധക്കാർ ഉന്നയിച്ചു. സമാധാന-സൗഹൃദ ഉടമ്പടികളിലെ വ്യവസ്ഥകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെന്റ്വില്ലിൽ സാഡി ബീറ്റൺ പ്രതിഷേധത്തിൽ പങ്കെടുത്തത്.
അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യം
പോയിന്റ് ടപ്പർ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങൾക്ക് ആശങ്കകൾ അറിയിക്കാനും തുറന്ന ചർച്ച നടത്താനും പ്രവിശ്യാ നിയമസഭയുടെ അടിയന്തര സമ്മേളനം വിളിക്കണമെന്ന് പ്രതിഷേധ സംഘാടകരിലൊരാളായ ബെഞ്ചമിൻ ലോസോൺ ആവശ്യപ്പെട്ടു.
ജനങ്ങളുടെ ആശങ്കകൾ നിയമസഭയിൽ അവതരിപ്പിക്കേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണെന്നും ഇത്തരമൊരു നിർണായക തീരുമാനം മുഖ്യമന്ത്രിക്ക് മാത്രമായി എടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവിശ്യാ മുഖ്യമന്ത്രി ടിം ഹ്യൂസ്റ്റണോടാണ് ആവശ്യം ഉന്നയിച്ചത്.
പദ്ധതിയെ ന്യായീകരിച്ച് എവർവിൻഡ്; വ്യവസ്ഥകൾ മുന്നോട്ടുവെച്ച് സർക്കാർ
പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി എവർവിൻഡ് ഈയാഴ്ച കേപ് ബ്രെട്ടണിലെ ഡി എസ്കൂസ്, ലോവർ റിവർ ഇൻഹാബിറ്റന്റ്സ് എന്നിവിടങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.
പദ്ധതികൾ ഉത്തരവാദിത്വത്തോടെ നടപ്പാക്കുകയും ഫെഡറൽ-പ്രവിശ്യാ മാർഗനിർദേശങ്ങൾ പാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് കമ്പനിയുടെ കമ്മ്യൂണിറ്റി റിലേഷൻസ് ഡയറക്ടർ മാർക്ക് സ്റ്റുവർട്ട് വ്യക്തമാക്കി.
അതേസമയം, ഡാറ്റാ സെന്ററിനെക്കുറിച്ച് ജനങ്ങൾക്ക് ചോദ്യങ്ങളും ആശങ്കകളും ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് പ്രവിശ്യാ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. 10 ബില്യൺ ഡോളറിന്റെ നിക്ഷേപസാധ്യതയെ തുറന്ന മനസ്സോടെ കാണണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
എന്നാൽ ജലസ്രോതസ്സുകൾ, പരിസ്ഥിതി, വൈദ്യുതി നിരക്കുകൾ, വൈദ്യുതി ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട ഫെഡറൽ-പ്രവിശ്യാ മാനദണ്ഡങ്ങൾ പാലിക്കുകയും അതിലുപരി ഉറപ്പാക്കുകയും ചെയ്താൽ മാത്രമേ പദ്ധതിക്ക് അനുമതി നൽകൂവെന്നും സർക്കാർ വ്യക്തമാക്കി.
