Monday, November 9, 2026

‘നെതന്യാഹുവിനെ പുറത്താക്കണം, പുതിയ സർക്കാരിൽ അറബ് പാർട്ടികളെയും ഉൾപ്പെടുത്തണം’; ഇസ്രയേലിൽ വൻ പ്രതിഷേധം

ടെൽ അവീവ്: ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണത്തിന് അന്ത്യം കുറിക്കണമെന്നും പുതിയ സർക്കാർ രൂപീകരിക്കുമ്പോൾ അറബ് പാർട്ടികളെയും പങ്കാളികളാക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രയേലിൽ വൻ പ്രതിഷേധം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന റാലികളിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. തിരഞ്ഞെടുപ്പിന് പിന്നാലെ നെതന്യാഹുവിനെ എതിർക്കുന്ന കക്ഷികൾക്ക് പാർലമെന്റിൽ 67 അംഗങ്ങളുടെ പിന്തുണ ലഭിച്ച പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമായത്.

വടക്കൻ ഇസ്രയേലിലെ ജെസ്രീൽ താഴ്‌വരയിൽ മുന്നൂറോളം പേർ പങ്കെടുത്ത പ്രതിഷേധം നടന്നതായി ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. പുതിയ ഭരണസഖ്യത്തിൽ അറബ് പാർട്ടികൾക്കും പ്രാതിനിധ്യം നൽകണമെന്നായിരുന്നു പ്രധാന ആവശ്യം. സെൻട്രൽ ടെൽ അവീവിലെ ഹബിമ സ്ക്വയറിലും നൂറുകണക്കിന് ആളുകൾ സമാനമായ ആവശ്യങ്ങളുമായി ഒത്തുകൂടിയതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.

’67 സീറ്റുകൾ, പുതിയൊരു പാത തിരഞ്ഞെടുക്കാം’

120 അംഗങ്ങളുള്ള ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ നെതന്യാഹുവിനെ എതിർക്കുന്ന കക്ഷികൾക്ക് ലഭിച്ച 67 അംഗങ്ങളുടെ പിന്തുണ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. ’67 സീറ്റുകൾ, നമുക്ക് പുതിയൊരു പാത തിരഞ്ഞെടുക്കാം’ എന്നെഴുതിയ അറബി, ഹീബ്രു ഭാഷകളിലുള്ള പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ എത്തിയത്.

‘പങ്കാളിത്തമില്ലാതെ സമാധാനമില്ല’, ‘വിഭജിച്ചു ഭരിക്കൽ അവസാനിപ്പിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയർന്നു. ജൂത-അറബ് വിഭാഗങ്ങൾക്കിടയിൽ രാഷ്ട്രീയ സമത്വവും സഹകരണവും പ്രോത്സാഹിപ്പിക്കുന്ന ‘സ്റ്റാൻഡിങ് ടുഗദർ’ എന്ന ജനകീയ പ്രസ്ഥാനവും പ്രതിഷേധത്തിൽ പങ്കാളിയായി.

അറബ് പാർട്ടികളായ റാം (Ra’am), ജോയിന്റ് ലിസ്റ്റ് (Joint List) എന്നിവയുടെ പിന്തുണയോടെയാണ് നെതന്യാഹു വിരുദ്ധ പക്ഷത്തിന് 67 അംഗങ്ങളുടെ ശുപാർശ ലഭിച്ചത്. എന്നാൽ ഈ പിന്തുണ സർക്കാർ രൂപീകരണത്തിനുള്ള ഔദ്യോഗിക ഭൂരിപക്ഷമോ അറബ് പാർട്ടികൾ മന്ത്രിസഭയിൽ ചേരുമെന്ന ഉറപ്പോ അല്ല.

ഐസൻകോട്ടിന് സർക്കാർ രൂപീകരണ ചുമതല

അതിനിടെ, യഷാർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിനെ പുതിയ സർക്കാർ രൂപീകരിക്കാൻ ചുമതലപ്പെടുത്തുമെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് പ്രഖ്യാപിച്ചു. ഞായറാഴ്ച ഇസ്രയേൽ സമയം വൈകിട്ട് അഞ്ചിന് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നടക്കുന്ന ചടങ്ങിൽ ഔദ്യോഗിക ക്ഷണം കൈമാറും. സർക്കാർ രൂപീകരിക്കാൻ 28 ദിവസമാണ് ഐസൻകോട്ടിന് അനുവദിച്ചിരിക്കുന്നത്.

നെതന്യാഹുവിന് അനുകൂലമായി 46 പാർലമെന്റ് അംഗങ്ങൾ മാത്രമാണ് ശുപാർശ നൽകിയത്. ഏഴ് അംഗങ്ങളുള്ള ഒരു വിഭാഗം ആരെയും പിന്തുണച്ചില്ല. എങ്കിലും 67 പേരുടെ പിന്തുണ ലഭിച്ചതുകൊണ്ടുമാത്രം ഐസൻകോട്ടിന് സർക്കാർ രൂപീകരണം എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

അറബ് പാർട്ടികളെ സർക്കാർ സഖ്യത്തിൽ ഉൾപ്പെടുത്തുന്നതിനെ ഐസൻകോട്ടിന്റെ ചില സഖ്യകക്ഷികൾ എതിർക്കുന്നുണ്ട്. അതിനാൽ അറബ് പാർട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കുമോ, അതോ മറ്റ് കക്ഷികളുമായി ധാരണയിലെത്തുമോ എന്നതാണ് ഇനി നിർണായകം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!