Tuesday, November 10, 2026

കനേഡിയൻ പൗരത്വ രേഖകൾക്ക് ഫീസ് വർധിക്കുന്നു; ന്യൂബ്രൺസ് വിക്കിൽ ഡിസംബർ മുതൽ പുതിയ നിരക്കുകൾ

ഫ്രെഡറിക്ടൺ: കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കുന്നവർക്ക് തിരിച്ചടിയായി ന്യൂബ്രൺസ് വിക് പ്രവിശ്യയിലെ ആർക്കൈവൽ രേഖകൾക്കുള്ള ഫീസ് വർധിപ്പിക്കുന്നു. ഡിസംബർ ഒന്നുമുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ന്യൂബ്രൺസ് വിക്കിൽ കുടുംബവേരുകളുള്ളവരുടെ പിൻഗാമികളായി പൗരത്വത്തിന് അപേക്ഷിക്കുന്ന അമേരിക്കയിലെ മെയ്ൻ, മസാച്യുസെറ്റ്സ്, മിഷിഗൺ, വിസ്കോൺസിൻ, മിനസോട്ട തുടങ്ങിയ സംസ്ഥാനങ്ങളിലെ താമസക്കാരെയാണ് പ്രധാനമായും ഇത് ബാധിക്കുക.

നിലവിൽ ഷിപ്പിങ് ചാർജ് ഉൾപ്പെടെ ഒരു സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന് 11 കനേഡിയൻ ഡോളറാണ് ഈടാക്കുന്നത്. അധികമായി ലഭിക്കുന്ന ഓരോ പേജിനും ഒരു ഡോളർ വീതവും നൽകണം. എന്നാൽ ഡിസംബർ ഒന്നുമുതൽ ബാധകമാകുന്ന പുതുക്കിയ നിരക്കുകൾ എത്രയാണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവിൽ പരിഗണനയിലുള്ള അപേക്ഷകൾക്ക് പഴയ നിരക്കാണോ പുതിയ നിരക്കാണോ ബാധകമാകുകയെന്ന കാര്യത്തിലും വ്യക്തതയില്ല.

ജീനിയോളജി വെബ്സൈറ്റുകളിൽ നിന്നുള്ള രേഖകളുടെ പ്രിന്റൗട്ടുകൾ കനേഡിയൻ പൗരത്വ വകുപ്പ് അംഗീകരിക്കാത്തതിനാൽ ഔദ്യോഗിക ആർക്കൈവുകളിൽ നിന്നുള്ള സാക്ഷ്യപ്പെടുത്തിയ രേഖകൾ തന്നെ അപേക്ഷകർ ഹാജരാക്കേണ്ടതുണ്ട്.

അപേക്ഷകളിൽ നാലിരട്ടി വർധന

2025 ഡിസംബറിൽ ബിൽ C-3 നിയമമായതോടെയാണ് പൗരത്വ അപേക്ഷകളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായത്. വിദേശത്ത് ജനിച്ച കനേഡിയൻ പൗരന്മാരുടെ മക്കൾക്ക് പൗരത്വം കൈമാറുന്നതിന് ഒന്നാം തലമുറ എന്ന പരിധി ഏർപ്പെടുത്തിയിരുന്ന വ്യവസ്ഥയിൽ നിയമഭേദഗതിയിലൂടെ മാറ്റം വരുത്തിയിരുന്നു.

2025ൽ പ്രതിമാസം ഏകദേശം 100 അപേക്ഷകൾ ലഭിച്ചിരുന്ന സ്ഥാനത്ത് 2026ൽ ഇത് 400 ആയി ഉയർന്നു. ആയിരത്തിലധികം അപേക്ഷകളാണ് ഇപ്പോൾ പരിഗണന കാത്തുകിടക്കുന്നത്.

മേയിൽ ആറ് മുതൽ എട്ട് ആഴ്ച വരെയായിരുന്ന രേഖകൾ ലഭിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം ഓഗസ്റ്റിൽ 12 ആഴ്ചയായി. നിലവിൽ ഇത് ആറുമാസത്തിലധികമായി ഉയർന്നിട്ടുണ്ട്. മൈക്രോഫിലിമിൽ സൂക്ഷിച്ചിട്ടുള്ള രേഖകൾ കണ്ടെത്താൻ കൂടുതൽ സമയം ആവശ്യമാണ്. രേഖകൾ തപാൽ വഴി ലഭിക്കാൻ വീണ്ടും രണ്ടുമുതൽ നാലാഴ്ച വരെ കാത്തിരിക്കേണ്ടിവരും.

11 ലക്ഷത്തിലധികം രേഖകൾ ഓൺലൈനിൽ

അപേക്ഷകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ജൂലൈ 29ന് ന്യൂബ്രൺസ്‌ വിക് പുതിയ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് സെർച്ച് പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നു. 1929 വരെയുള്ള ജനനരേഖകളും 1975 വരെയുള്ള വിവാഹ-മരണ രേഖകളും ഉൾപ്പെടെ 11 ലക്ഷത്തിലധികം ഡിജിറ്റൽ രേഖകൾ ഇതിൽ ലഭ്യമാണ്.

1930ന് ശേഷമുള്ള ജനനരേഖകൾക്കും 1976ന് ശേഷമുള്ള വിവാഹ-മരണ രേഖകൾക്കും സർവീസ് ന്യൂബ്രൺസ്‌ വിക് ഓഫീസുകളെയാണ് സമീപിക്കേണ്ടത്.

ഓൺലൈൻ പേയ്‌മെന്റ് സംവിധാനം നിലവിൽ ലഭ്യമല്ല. അപേക്ഷ ലഭിച്ചശേഷം ആർക്കൈവ്സ് ജീവനക്കാർ ബന്ധപ്പെട്ടാണ് കാർഡ് വഴി പണം സ്വീകരിക്കുന്നത്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ രേഖകൾക്കായി തിരച്ചിൽ നടത്തുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുമെന്നാണ് അധികൃതരുടെ നിർദേശം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!