Wednesday, November 11, 2026

കാലാവസ്ഥാ ഉച്ചകോടിയില്‍നിന്ന് വിട്ടുനിന്നു; മാര്‍ക്ക് കാര്‍ണിക്ക് ‘ഫോസില്‍ ഓഫ് ദ ഡേ’ പരിഹാസ പുരസ്‌കാരം

ഓട്ടവ: തുര്‍ക്കിയില്‍ നടക്കുന്ന യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ (COP31) നിന്ന് വിട്ടുനിന്ന പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഉള്‍പ്പെടെയുള്ള ആഗോള നേതാക്കള്‍ക്ക് പരിഹാസ പുരസ്‌കാരമായ ‘ഫോസില്‍ ഓഫ് ദ ഡേ’ (Fossil of the Day). കാനഡയ്ക്ക് പുറമെ ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍, ഡെന്മാര്‍ക്ക് തുടങ്ങിയ വികസിത രാജ്യങ്ങളിലെ ഭരണത്തലവന്‍മാര്‍ക്കും ക്ലൈമറ്റ് ആക്ഷന്‍ നെറ്റ്വര്‍ക്ക് ഇന്റര്‍നാഷണല്‍ ചൊവ്വാഴ്ച ഈ പുരസ്‌കാരം പ്രഖ്യാപിച്ചു.

ശക്തമായ കാലാവസ്ഥാ നടപടികള്‍ക്കായി ലോകമെമ്പാടും ആവശ്യമുയരുമ്പോഴും, സമ്പന്ന രാജ്യങ്ങളിലെ നേതാക്കളുടെ ശൂന്യമായ കസേരകള്‍ അന്താരാഷ്ട്ര കാലാവസ്ഥാ സഹകരണത്തോടുള്ള അവരുടെ പ്രതിബദ്ധതയില്ലായ്മയാണ് കാണിക്കുന്നതെന്ന് സന്നദ്ധ സംഘടന വിമര്‍ശിച്ചു. പാരിസ് കരാറില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറിയ അമേരിക്കയുടെ അത്രയും പോയിട്ടില്ലെങ്കിലും, ഉച്ചകോടിക്ക് തങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നാണ് ഈ രാജ്യങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര സഹകരണം നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍, ദുരന്തസാധ്യതയുള്ള ചെറുരാജ്യങ്ങളിലെ നേതാക്കളുമായി നേരിട്ട് സംസാരിക്കാനും നയതന്ത്ര പുരോഗതി കൈവരിക്കാനും സഹായകമാകുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രിമാര്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നുവെന്ന് വിമര്‍ശനമുയര്‍ന്നു.

പരിസ്ഥിതി നയങ്ങളില്‍ വരുത്തിയ മാറ്റങ്ങളെ തുടര്‍ന്ന് മുന്‍ വര്‍ഷത്തിലും കാനഡയ്ക്ക് ‘ഫോസില്‍ ഓഫ് ദി ഡേ’ പുരസ്‌കാരം ലഭിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടപ്പിലാക്കിയ ഉപഭോക്തൃ കാര്‍ബണ്‍ ടാക്‌സ്, ഇലക്ട്രിക് വാഹന വില്‍പ്പന മാന്‍ഡേറ്റ്, എണ്ണ-വാതക മേഖലയിലെ ഉല്‍പാദന പരിധി തുടങ്ങിയ പ്രമുഖ കാലാവസ്ഥാ നയങ്ങള്‍ റദ്ദാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്ത കനേഡിയന്‍ നടപടികള്‍ ഉച്ചകോടിയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചേക്കാം.

നിലവില്‍ കാനഡയെ പ്രതിനിധീകരിച്ച് പരിസ്ഥിതി മന്ത്രി ജൂലി ഡാബ്രുസിനാണ് ഉച്ചകോടിയുടെ ആദ്യ വാരത്തില്‍ പങ്കെടുക്കുന്നത്. അതേസമയം, മണ്‍ട്രിയോളില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, റിമംബ്രന്‍സ് ഡേ ചടങ്ങുകള്‍ക്ക് ശേഷം 10 ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി തിരിക്കും. അയര്‍ലന്‍ഡ്, ഫിലിപ്പീന്‍സ്, കമ്പോഡിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഉച്ചകോടികളില്‍ പങ്കെടുന്ന ഈ യാത്രയില്‍ പക്ഷേ തുര്‍ക്കിയിലെ യു.എന്‍ കാലാവസ്ഥാ ഉച്ചകോടി ഉള്‍പ്പെട്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!